തിരുവനന്തപുരം: ആൾമാറാട്ടവും കൂറുമാറ്റവും വിവാദമാക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ക്ലൈമാക്സിലേക്ക്.. കേസിൽ നിർണായകമായത് മുൻ ഫോറൻസിക് ഡയറക്ടർ ശ്രീകുമാരിയുടെ മൊഴിയാണ്. സാക്ഷികൾ കൂറുമാറി വിചാരണതന്നെ തകിടം മറിയുന്ന സമയത്തായിരുന്നു ഡോക്ടറുടെ നിർണായക വെളിപ്പെടുത്തൽ. ഇരുമ്പ് പൈപ്പുകൊണ്ട് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്ക് മൃതദേഹത്തിൽ കണ്ടെത്തിയതായും, മർദനമുറയിൽ ഉദയകുമാറിെൻറ രക്തധമനിയടക്കം തകർന്നിരുന്നതായും മുൻ ഫോറൻസിക് ഡയറക്ടർ മൊഴി നൽകി. ജി.ഐ പൈപ്പ്, ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പ് ബെഞ്ച് എന്നിവ ഡയറക്ടർ തിരിച്ചറിയുകയും ചെയ്‌തു. മരിക്കുന്നതിന് 24 മണിക്കൂർ മുമ്പായിരുന്നു മാരക മർദനമേറ്റതെന്നും ശ്രീകുമാരി കോടതിയിൽ മൊഴി നൽകി. ഈ മൊഴിയാണ് വിധിയിൽ നിർണായകമായത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ഡമ്മി പ്രതികളെ കോടതിയിൽ ഹാജരാക്കിയതും വിവാദമായി. ഉദയകുമാറിനെതിരെ കേസെടുത്ത എ.എസ്.ഐ രവീന്ദ്രൻനായരെയും കോടതി നേരിട്ട് പ്രതിയാക്കി. 34 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ, ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറി. പണം വാങ്ങിയാണ് ഇൗ കൂറുമാറ്റമെന്നതും വിവാദമായിരുന്നു. 2007ൽ കേസ് ഹൈകോടതി സി.ബി.ഐക്ക് കൈമാറി. കൊലക്കേസ് മാത്രമല്ല, ഉദയകുമാറിനെതിരെ ഫോർട്ട് പൊലീസെടുത്ത മോഷണക്കേസും വ്യാജമെന്ന് സി.ബി.ഐ കണ്ടെത്തി. ഈ കേസിൽ വീണ്ടും പൊലീസുകാരെ 2009 ഏപ്രില്‍ 21ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും വ്യാജരേഖ ചമച്ചതിനും രണ്ടു കുറ്റപത്രങ്ങള്‍ 2010 സെപ്റ്റംബര്‍ ഒമ്പതിന് എറണാകുളം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. രവീന്ദ്രൻനായർ, തങ്കമണി, ഹീരാലാൽ, ഷീജാകുമാരി, രാമചന്ദ്രൻ, സജിത എന്നീ ആറ് പൊലീസുകാരെ സി.ബി.ഐ മാപ്പുസാക്ഷിയാക്കി. കിടപ്പിലായ പ്രതി ജോർജിനെയും വിചാരണയിൽനിന്ന് ഒഴിവാക്കി. രണ്ടു കുറ്റപത്രങ്ങളും ഒന്നാക്കി ആറു പ്രതികള്‍ക്കെതിരെ വിചാരണ നടത്താൻ 2014ൽ കോടതി തീരുമാനിച്ചു. 2017 നവംബർ മുതൽ ആരംഭിച്ച വിചാരണ നടപടി ചൊവ്വാഴ്ച വരെ നീണ്ടു. ഇതിനിടെ മൂന്നാം പ്രതി സോമൻ മരിച്ചു. രണ്ടു പ്രതികളും എസ്.പിമാരുമായിരുന്ന സാബുവും ഹരിദാസും വിരമിച്ചു. ഇരുവർക്കും െഎ.പി.എസ് നൽകാനുള്ള ശിപാർശ കേന്ദ്രത്തിേലക്ക് പോയെങ്കിലും ഉരുട്ടിക്കൊലക്കേസ് അതിനു തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.