തിരുവനന്തപുരം: രാജ്യത്ത് ഹിന്ദു താലിബാനിസം വളർന്നുവരുന്നതായി ഡോക്യുമെൻററി സംവിധായകൻ ആനന്ദ് പട്വർധൻ. ശശി തരൂർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണിയുടെ പേരിൽ ഹരീഷിനെപ്പോലൊരു കഥാകൃത്ത് എഴുത്ത് നിർത്തരുത്. എഴുത്തുകൊണ്ടുവേണം ഭീഷണികളെ നേരിടാൻ. പിന്തുണ നൽകാൻ ഒരു സർക്കാറുള്ളപ്പോൾ കേരളത്തിൽ ഒരു എഴുത്തുകാരനും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെൻറി-ഹ്രസ്വ ചലച്ചിത്രമേളയിൽ ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായിക്കൊണ്ടിരിക്കുന്ന ഹിന്ദു തീവ്രവാദവും മുസ്ലിം തീവ്രവാദവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ചെലവൂർ വേണു അധ്യക്ഷതവഹിച്ചു. കവിത ലങ്കേഷ്, ഡോ. ബിജു, ബീനപോൾ, സജിത മഠത്തിൽ, സി.എസ്. വെങ്കിടേശ്വരൻ, വി.കെ. ജോസഫ് തുടങ്ങിയവർ ഐക്യദാർഢ്യസംഗമത്തിൽ പങ്കെടുത്തു. എനിക്കെതിരെയും വധഭീഷണി -എം.എ. ബേബി തിരുവനന്തപുരം: എസ്. ഹരീഷിെൻറ 'മീശ' നോവലിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെൻറ ഫേസ്ബുക്ക് അക്കൗണ്ടിൽ അസഹിഷ്ണുത ആളിക്കത്തുകയാണ്. ഇതുകൊണ്ടൊന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും തളച്ചിടാമെന്ന് ആരും കരുതരുത്. നിങ്ങൾക്കെതിരെ ശബ്ദിക്കുമ്പോൾ മരണം പിന്നിലുണ്ടെന്ന് അറിയാം. എങ്കിലും നിങ്ങളുടെ തോക്കുകളെ ഞങ്ങൾ ഭയപ്പെടില്ല. മരണം എന്നായാലും ഉണ്ടാകും. പക്ഷേ, അതൊരിക്കലും അപകടമരണമാകില്ലെന്നും ബേബി പറഞ്ഞു. 'നിർമാല്യ'ത്തിൽ എം.ടിയും 'ചിന്താവിഷ്ടയായ സീത'യിൽ കുമാരനാശാനും, 'പ്രേമസംഗീത'ത്തിൽ ഉള്ളൂരും കാണിച്ച ധൈര്യം ഉൾക്കൊണ്ട് ഭീഷണികളോട് മീശ പിരിക്കാൻ ഹരീഷിനാകണമെന്നും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.