കൊല്ലം: റെയിൽവേ സ്റ്റേഷനിലെ സിഗ്‌നൽ തകരാർ കാരണം റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അഞ്ച് ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് കൊല്ലം സ്റ്റേഷൻ വിട്ടത്. ശനിയാഴ്ച ഉച്ചക്ക് 2.05ന് സിഗ്നൽ സംവിധാനം നിയന്ത്രിക്കുന്ന ആർ.ആർ.എ കാബിനിലാണ് തകരാറുണ്ടായത്. തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും പോകേണ്ട ഐലൻറ് എക്സ്പ്രസുകൾ രണ്ട് പ്ലാറ്റ്ഫോമുകളിലായി സിഗ്നൽകാത്ത് ഒരു മണിക്കൂറോളം കിടന്നു. തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്സ്പ്രസും കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസും യന്ത്രസഹായമില്ലാതെ സിഗ്നൽ നൽകിയാണ് കടത്തിവിട്ടത്. ബംഗളൂരുവിലേക്കുള്ള ഐലൻറ് എക്‌സ്‌പ്രസുകളും തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസും ഒരുമണിക്കൂർ വീതം വൈകി. വൈകീട്ട് മൂന്നിന് കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് 1.45 മണിക്കൂർ വൈകി 4.45നാണ് പുറപ്പെട്ടത്. കൊല്ലം-നാഗർകോവിൽ പാസഞ്ചർ ട്രെയിൻ ഒന്നേകാൽ മണിക്കൂർ വൈകിയാണ് യാത്ര ആരംഭിച്ചത്. വൈകീട്ട് 3.45ന് സിഗ്നൽ വിഭാഗം തകരാർ പരിഹരിച്ചെങ്കിലും ഗതാഗതം സാധാരണ ഗതിയിലെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. ആഴ്ചകൾക്ക് മുമ്പ് കൊല്ലം-പെരിനാട്, കൊല്ലം-മയ്യനാട് പാതകളിൽ സിഗ്‌നലുകൾ തകരാറിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.