ആദിവാസിമേഖലയിൽ ഇപ്പോഴും പ്രാകൃതചികിത്സ; മരണങ്ങൾ തുടരുന്നു

പത്തനാപുരം: ബോധവത്കരണപ്രവര്‍ത്തനങ്ങൾ മുറപോലെ നടത്തിയിട്ടും ആദിവാസികള്‍ ഇപ്പോഴും പിന്തുടരുന്നത് പ്രാകൃതചികിത്സ. അച്ചന്‍കോവില്‍, ആവണിപ്പാറ, വളയം, മുള്ളുമല തുടങ്ങിയ ഊരുകളിലെ ഭൂരിഭാഗം ആദിവാസി സ്ത്രീകളുടെയും പ്രസവം കാട്ടിനുള്ളില്‍ തന്നെയാണ്. തുടർപരിശോധനക്കോ ആരോഗ്യരക്ഷക്കോ ആശുപത്രിയില്‍ പോകാനും ഇവര്‍ തയാറല്ല. അതുകൊണ്ടുതന്നെ ശിശുമരണങ്ങളും വ്യാപകമാണ്. ചികിത്സ ലഭിക്കാതെ മുള്ളുമല ആദിവാസികോളനിയില്‍ സുകേശന്‍-ചിന്നു ദമ്പതികളുടെ 35 ദിവസം പ്രായമായ ആണ്‍കുട്ടി മരിച്ചതാണ് ഒടുവിലെ സംഭവം. കുട്ടിയുടെ അസുഖമോ മരണകാരണമോ ഇവര്‍ക്ക് അറിയില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. ആരോഗ്യവകുപ്പ് അധികൃതർ എത്തിയപ്പോഴേക്കും സംസ്കാരവും മരണാനന്തരചടങ്ങുകളും കഴിഞ്ഞിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതിനിടെ കാട്ടില്‍ െവച്ചായിരുന്നു മരണം. പുലര്‍ച്ച കുട്ടിക്ക് മുലപ്പാല്‍ നല്‍കിയിരുന്നു. കുമരംകുടി ആനപ്പാറയിലുള്ള ഷെഡില്‍ കഴിഞ്ഞ ഇവര്‍ രാവിലെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വനത്തിനുള്ളില്‍ െവച്ചാണ് കുട്ടി ജനിച്ചതും. പകര്‍ച്ചവ്യാധികളുള്‍പ്പെടെ പടര്‍ന്നുപിടിക്കുന്ന ആദിവാസിമേഖലയില്‍ കുട്ടിയുടെ മരണകാരണം വ്യക്തമാകാത്തത് ഭീതിക്ക് കാരണമായിട്ടുണ്ട്. മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നും ജനനശേഷം ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനത്തിനുള്ളില്‍ പ്രസവിച്ച സംഭവങ്ങളുമുണ്ട്. ആദിവാസികള്‍ക്കിടയില്‍ സർക്കാർവകുപ്പുകള്‍ നടത്തുന്ന പ്രവർത്തനങ്ങൾ വിജയകരമാകുന്നില്ല എന്നതാണ് യാഥാർഥ്യം. ആദിവാസികളുടെ ആരോഗ്യപരിരക്ഷക്കും ചികിത്സസംവിധാനങ്ങള്‍ക്കും വേണ്ടി 2007ല്‍ ജനനി ജന്മസുരക്ഷ പദ്ധതിയും ആദിവാസി ആരോഗ്യസുരക്ഷ പദ്ധതിയും തുടങ്ങിയെങ്കിലും ഊരുകളില്‍ ഇതി​െൻറ പ്രയോജനം ലഭിക്കുന്നില്ലെന്ന് ഊരുമൂപ്പന്മാര്‍ പറയുന്നു. ഗര്‍ഭിണികളായ ആദിവാസികള്‍ക്ക് മൂന്ന് മാസം മുതല്‍ പ്രസവം കഴിഞ്ഞ് ഒരു വര്‍ഷം വരെ തുക അനുവദിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും കൃത്യമായി കിട്ടാറില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.