യുവമോർച്ച മാർച്ച്​ അക്രമാസക്തം

തിരുവനന്തപുരം: അഭിമന്യു കൊലപാതകം ഉൾപ്പെടെ കേസുകൾ എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാർജിലും സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. കൊല്ലം ജില്ല സെക്രട്ടറി വിശാഖ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡൻറ് സായ് പ്രശാന്ത്, പ്രവർത്തകരായ അമൽ, ശ്രീലാൽ എന്നിവർക്കാണ് പരിക്ക്. പൊലീസുകാർക്കും കല്ലേറിൽ പരിക്കുണ്ട്. ഗുരുതര പരിക്കേറ്റ അമലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് കണ്ണിനുപരിക്കേറ്റ വിമേഷിനെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശ് ബാബുവിനെ പൊലീസ് വളഞ്ഞിട്ട് മർദിച്ചതായി യുവമോർച്ച ആരോപിച്ചു. ലാത്തിച്ചാർജ് നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താമെന്ന് അസിസ്റ്റൻറ് കമീഷണർ ഷീൻ തറയിൽ പ്രവർത്തകർക്ക് ഉറപ്പു നൽകി. ഇതിനെത്തുടർന്നാണ് രംഗം ശാന്തമായത്. അഭിമന്യു കൊലക്കേസ് അന്വേഷിക്കാൻ എൻ.ഐ.എ തയാറാണെങ്കിലും കേരള പൊലീസ് യു.എ.പി.എ വകുപ്പ് ചുമത്താത്തതിനാലാണ് ഇതു സാധ്യമാകാത്തതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അഭിമന്യു, സചിൻ, വിശാൽ, ശ്യാമപ്രസാദ് കൊലക്കേസുകളുടെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപുലർ ഫ്രണ്ടിനെതിരെയും എസ്.ഡി.പി.ഐക്കെതിരെയും കൃത്യമായ അന്വേഷണം നടന്നാൽ പല സി.പി.എം നേതാക്കളുടെയും പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന് ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ യു.എ.പി.എക്ക് മുതിരാത്തതെന്ന് രമേശ് ആരോപിച്ചു. തീവ്രവാദത്തിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്താൻ ആഗസ്റ്റ് ഒന്നു മുതൽ 10 വരെ നിയോജകമണ്ഡല തലങ്ങളിൽ യുവമോർച്ച പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.കെ. പ്രകാശ് ബാബു പറഞ്ഞു. യുവമോർച്ച നേതാക്കളായ അഡ്വ ആർ.എസ്. രാജീവ്, ബിജു ഇളക്കുഴി, കെ.ആർ. ഹരി, അഡ്വ. രഞ്ജിത് ചന്ദ്രൻ, സബീഷ്, ആർ.എസ്. സമ്പത്ത്, മണവാരി രതീഷ്, കെ.പി. അരുൺ, രാകേന്ദു, ജെ.ആർ. അനുരാജ്, പി.സി. രതീഷ്, ചന്ദ്രകിരൺ, ജിതിൻ ദേവ്, ബി.ജി. വിഷ്ണു എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ല അധ്യക്ഷൻ അഡ്വ. എസ്. സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.