കോടതി ഉത്തരവുണ്ട്​; ​നടപടിയില്ല

കൊല്ലം: കോടതി ഉത്തരവുണ്ടായിട്ടും ജില്ലയിലെ പ്രാഥമികവിദ്യാലയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസവകുപ്പ് വിമുഖത കാട്ടുെന്നന്ന് പരാതി. 2012ലെ എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റിൽപെട്ട ഉദ്യോഗാര്‍ഥികളാണ് കോടതി ഉത്തരവുമായി ജില്ല വിദ്യാഭ്യാസ വകുപ്പ് മേലധികാരിയുടെ ഓഫിസ് കയറിയിറങ്ങുന്നത്. 2012ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 131 ഒഴിവുകളിലേക്ക് ഇനിയും നിയമനം നടത്താനുണ്ടെന്നാണ് പരാതി. റാങ്ക് ലിസ്റ്റ് കാലാവധി 2016 സെപ്റ്റംബറില്‍ അവസാനിക്കുന്നതിന് മുമ്പ് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതനുസരിച്ച് 135 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉദ്യോഗാർഥികളും ജില്ല വിദ്യാഭ്യാസവകുപ്പും സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ േമയ് 28ന് 131 ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമനശിപാര്‍ശ അയച്ച് നിയമനം നടത്താന്‍ അന്തിമ ഉത്തരവിടുകയും ചെയ്തു. 131 ഒഴിവുകളില്‍ 83 എണ്ണം 2016-17ലെ സ്റ്റാഫ് ഫിക്സേഷന്‍ വഴി വന്ന തസ്തികകളും 38 എണ്ണം 2016 ല്‍ അന്തര്‍ജില്ല സ്ഥലംമാറ്റത്തിനായി നീക്കിവെച്ച ഒഴിവില്‍ അപേക്ഷകരില്ലാത്തിനാല്‍ ഒഴിഞ്ഞുകിടക്കുന്നവയും 10 എണ്ണം പട്ടികയുടെ കാലാവധിക്കുള്ളില്‍ എൽ.പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നൽകിയത് മൂലം ഉണ്ടായവയും ആണ്. എന്നാല്‍, ഉത്തരവ് വന്ന് ഒന്നരമാസത്തിലധികമായിട്ടും നിയമനത്തിനുള്ള ഒരു നടപടിയും ചെയ്തില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി നിരവധി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ജില്ലയിലെ 400ലേറെ എല്‍.പി.എസ്.എ തസ്തികകള്‍ സ്ഥിരംഅധ്യാപകരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്. ഇവരുടെ കുറവ് വിദ്യാഭ്യാസത്തി​െൻറ ഗുണനിലവാരം കുറക്കുന്നുവെന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു. അതേസമയം, പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനുള്ള അഭിമുഖം ഈ മാസം പൂര്‍ത്തിയാകും. പുതിയ പട്ടിക നിലവില്‍ വരുന്നതോടെ തങ്ങളുടെ അവസരം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.