അനർഹരെ ഒഴിവാക്കാൻ മത്സ്യമേഖലയിലും 'മിൽമ മാതൃക'-മന്ത്രി

തിരുവനന്തപുരം: അനര്‍ഹരെ ഒഴിവാക്കി മത്സ്യമേഖലയിൽ 'മില്‍മ മാതൃക' നടപ്പാക്കിയാല്‍ തൊഴിലാളികൾക്ക് ഫലപ്രദമായി സഹായം നൽകാനാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പാല്‍ അളക്കുന്നവര്‍ക്കു മാത്രം സഹായം നല്‍കുന്ന 'മില്‍മ മാതൃക' യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പരിമിതപ്പെടുത്തുംവിധം നടപ്പാക്കണം. ഇക്കാര്യത്തില്‍ നടപടിക്ക് തൊഴിലാളി യൂനിയനുകളുടെ സഹായം മന്ത്രി തേടി. മത്സ്യമേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാൻ ചേർന്ന തൊഴിലാളി യൂനിയൻ പ്രതിനിധികളുടെയും ബോട്ടുടമ അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നായാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. ഇതിനു പൂര്‍ണ മത്സ്യബന്ധനനിരോധനം വേണമെന്ന ആവശ്യം ശരിയല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന ആവശ്യം അംഗീകരിക്കാനാകില്ല. ട്രോളിങ് സമയത്തെ സഹായ വിതരണത്തിന് 58 കോടി രൂപ ചെലവഴിച്ചു. ഇതിന് കേന്ദ്രധനസഹായം ലഭിച്ചിട്ടില്ല. ആ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതിനാലാണ് 58 കോടി രൂപ ചെലവഴിക്കേണ്ടിവന്നത്. മണ്ണെണ്ണ സബ്‌സിഡി വിതരണത്തിന് നടപടി സ്വീകരിച്ചുവരുന്നു. തുറമുഖ നിർമാണത്തിന് തടസ്സമുണ്ടാക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായി സംശയിക്കുെന്നന്ന് മന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കും. പരപ്പനങ്ങാടിയിലും പൊഴിയൂരിലും പുതിയ ഹാര്‍ബർ നിർമിക്കും. ഹാര്‍ബര്‍ മാനേജ്‌മ​െൻറ് സൊസൈറ്റി ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേസപതി, ആര്‍. അഗസ്റ്റിന്‍ ഗോമസ്, പി.കെ. നവാസ്, ടി. പീറ്റര്‍, ഉമ്മര്‍ ഓട്ടുമ്മല്‍, പി.പി. പ്രസാദ്, സീറ്റാദാസന്‍, പുല്ലുവിള സ്റ്റാന്‍ലി, ചാള്‍സ് ജോര്‍ജ്, നൂറുദ്ദീന്‍, പീറ്റര്‍ മത്യാസ്, യൂനിയന്‍ നേതാക്കള്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.