മഅ്​ദനിക്ക്​ മോചനം; പ്രതിഷേധമുയർത്തി മുസ്​ലിം സംയുക്തവേദി സെക്ര​േട്ടറിയറ്റ് ധര്‍ണ

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് കാട്ടുനീതി മാത്രമാണെന്ന് കെ. മുരളീധരന്‍ എം.എൽ.എ. മഅ്ദനിക്ക് നീതിയും മോചനവും ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം സംയുക്തവേദി സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മഅ്ദനി നടത്തിയത് മാതൃകപരമായ പൊതുപ്രവർത്തനമാണ്. പിന്നാക്ക ന്യൂനപക്ഷ ജനതയും ഇന്ത്യന്‍ മതേതരത്വവും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ചൂണ്ടിക്കാണിച്ച് ശക്തമായി സംസാരിച്ചതിനാലാണ് അദ്ദേഹം ഇപ്പോഴും വേട്ടയാടപ്പെടുന്നത്. മഅ്ദനിയുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഓരോ നിമിഷവും ജനാധിപത്യ ഇന്ത്യ അപമാനിക്കപ്പെടുന്നു. മഅ്ദനി വിഷയത്തില്‍ യു.ഡി.എഫ് നീതിയുക്തമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അത് തുടരുമെന്നും മുരളീധരന്‍ പറഞ്ഞു. ബംഗളൂരു സ്ഫോടനക്കേസ് വേഗം തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്നുളള സര്‍വകക്ഷിസംഘം കര്‍ണാടക മുഖ്യമന്ത്രിയെ ഉടന്‍ സന്ദര്‍ശിക്കണമെന്ന് ധര്‍ണയില്‍ അധ്യക്ഷത വഹിച്ച സംയുക്തവേദി സംസ്ഥാന പ്രസിഡൻറ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പളളി റഷീദ്, കേരള ഖത്തീബ്സ് ആൻഡ് ഖാദി ഫോറം പ്രസിഡൻറ് പാനിപ്ര ഇബ്രാഹീം മൗലവി, ദക്ഷിണ ജംഇയ്യത്തുൽ ഉലമ ജില്ല പ്രസിഡൻറ് കുറ്റിച്ചല്‍ എ. ഹസന്‍ ബസരി മൗലവി, പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, കെ.കെ. സുലൈമാന്‍ മൗലവി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല ട്രഷറര്‍ നസീര്‍ഖാന്‍ ഫൈസി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് നേമം സിദ്ദീഖ് സഖാഫി, ഡോ. എ. നിസാറുദ്ദീന്‍, നവാസ് മന്നാനി പനവൂര്‍ എന്നിവര്‍ സംസാരിച്ചു. സംയുക്തവേദി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ സ്വാഗതവും ജില്ല പ്രസിഡൻറ് പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.