അഞ്ചൽ: സഹകരണബാങ്കിൽനിന്ന് അനുവദിച്ച വായ്പത്തുക കിട്ടാതെവന്നപ്പോൾ കുടുംബം ബാങ്ക് സെക്രട്ടറിയുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഏരൂർ സർവിസ് സഹകരണബാങ്കിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങളുണ്ടായത്. ഒടുവിൽ രാഷ്ട്രീയനേതാക്കളിടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി. ബാങ്കിലെ സഹകാരിയായ ഏരൂർ വെള്ളടിക്കുന്ന് പുത്തൻവീട്ടിൽ സജിതകുമാരി മകളുടെ വിവാഹാവശ്യത്തിനായി രണ്ട് മാസം മുമ്പ് രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടു സഹകരണബാങ്കിൽ വായ്പാപേക്ഷ നൽകിയിരുന്നു. 28 സെൻറ് വസ്തു ജാമ്യത്തിന്മേലാണ് അപേക്ഷനൽകിയത്. വായ്പത്തുക അനുവദിച്ചുവെന്നുള്ള അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് സജിതകുമാരി രണ്ട് ആൾ ജാമ്യക്കാരുമായി ബാങ്കിലെത്തി മറ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും പണം നൽകാൻ ജീവനക്കാർ കൂട്ടാക്കിയില്ല. ഇതേക്കുറിച്ച് സജിതകുമാരി ബാങ്ക് സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ തുക തരാൻ പറ്റില്ലെന്നും ജാമ്യക്കാരിലൊരാൾ മദ്യപാനിയാണെന്നും മറ്റും പറയുകയുണ്ടായത്രെ. തുടർന്ന് സജിതകുമാരി സെക്രട്ടറിയുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നു. സംഭവമറിഞ്ഞ് സജിതയുടെ ബന്ധുക്കളും എത്തി കുത്തിയിരിപ്പ് സമരത്തിൽ പങ്കാളികളായതോടെ ഡയറക്ടർ ബോർഡ് അംഗങ്ങളുൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടി നേതാക്കൾ ബാങ്ക് സെക്രട്ടറി, പ്രസിഡൻറ് എന്നിവരുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തു. ഒന്നരലക്ഷം രൂപ വായ്പത്തുക അനുവദിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. വായ്പത്തുക അനുവദിക്കുന്നതിലെ ചില നടപടിക്രമങ്ങൾ മൂലമുള്ള സാങ്കേതികതടസ്സം നേരിട്ടതാണെന്നും അല്ലാതുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ബാങ്ക് പ്രസിഡൻറ് ഡോൺ ബി.രാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.