വർഗീയ തീവ്രവാദ സംഘടനകളുടെ നിലപാടുകളെ ഒറ്റപ്പെടുത്തണം -സി.പി.എം

കൊല്ലം: അഭിമന്യു കൊലക്കേസിലും കൊട്ടാരക്കര സംഭവത്തിലും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാറിന് കഴിഞ്ഞത് ശ്ലാഘനീയമാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ സംഭവം തികച്ചും യാദൃച്ഛികമായിരുന്നു. എന്നാൽ, ഇറച്ചി വ്യാപാരത്തിന് കന്നുകാലികളെ കയറ്റിവന്ന മിനിലോറിയിലുണ്ടായിരുന്നവരും ഇരുചക്രവാഹനത്തിൽ വന്നവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതക്ക് ഉപയോഗിക്കാനാണ് തൽപരകക്ഷികൾ ശ്രമിച്ചത്. ഇതി​െൻറ ഭാഗമായാണ് പുത്തൂരിൽ സൈനിക​െൻറ വീട് ആക്രമിച്ചത്. കൊട്ടാരക്കര സംഭവത്തെ തുടർന്ന് നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ച പോപുലർ ഫ്രണ്ടി​െൻറ സജീവപ്രവർത്തകരാണ് ഇവരെല്ലാം. മറുഭാഗത്ത് ആർ.എസ്.എസും സംഘ്പരിവാറും വർഗീയവികാരം ഇളക്കിവിട്ട് നാട്ടിൽ അക്രമവും അസ്വസ്ഥതയും സൃഷ്ടിക്കാൻ ശ്രമിച്ചു. ഇതിനായി ഇവർ കൊട്ടാരക്കരയിൽ ഹർത്താലും നടത്തി. ഹിന്ദുഐക്യവേദി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളുമുണ്ടായി. സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി വലിയ ശ്രമങ്ങളാണ് ഇക്കൂട്ടരും നടത്തിയത്. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരുടെ തീവ്രവാദ നിലപാടുകൾ കൂടുതൽ വെളിച്ചത്തുവന്നിരിക്കുന്നു. ഹിന്ദു തീവ്രവാദികൾ രാജ്യത്താകെ വർഗീയ കലാപങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ മുസ്ലിം തീവ്രവാദികൾ കലാപങ്ങൾ സംഘടിപ്പിക്കുന്നത്. വർഗീയ സംഘടനകളുടെ നിലപാടുകൾക്കെതിരെ ജാഗ്രതയുണ്ടാവണമെന്നും അവർക്കെതിരെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്നും ജില്ല സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.