താലൂക്കാശുപത്രി സമഗ്രവികസനം: മാസ്​റ്റർ പ്ലാൻ സമർപ്പിച്ചു

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയെ ആധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കുന്ന വികസന മാസ്റ്റർ പ്ലാൻ സമർപ്പണം നടത്തി. കെ.എസ്.ഇ.ബി സിവിൽ വിഭാഗമാണ് പ്ലാൻ തയാറാക്കിയത്. കിഫ്ബിയിൽ നിന്നും ഫണ്ട് ലഭ്യമാക്കാനാണ് ശ്രമം. നിലവിലുള്ള രണ്ടു നിലയുള്ള മെയിൻ ബിൽഡിങ്ങിനുമുകളിൽ മൂന്നുനില കൂടി നിർമിച്ച് അഞ്ച് നില കെട്ടിടവും സൂനാമി ബിൽഡിങ് നിൽക്കുന്ന സ്ഥലത്തുനിന്ന് പടിഞ്ഞാറോട്ട് എട്ടുനിലകളിലായി പുതിയ കെട്ടിടസമുച്ചയവുമാണ് നിർമിക്കുക. രണ്ടുനിലകളും തമ്മിൽ മൂന്നാമത്തെ നിലയിൽ ബന്ധിപ്പിക്കും. ഇതി​െൻറ ഇടനാഴി മനോഹരമാക്കി പാർക്കിനുസമാനമായി കൂട്ടിരിപ്പുകാർക്കും മറ്റും വിശ്രമിക്കാനുള്ള സ്ഥലമാക്കി മാറ്റും. പുതിയ ദേശീയപാത വികസനം വരുമ്പോൾ സൈഡിലായി നിർമിക്കുന്ന സർവിസ് റോഡിലൂടെയാവും ആശുപത്രിയിലേക്ക് പ്രവേശിക്കുക. കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തുകൂടി തെക്കുവശത്തെ റോഡിലേക്കായിരിക്കും പുറത്തേക്കുള്ള വഴി. കെട്ടിടങ്ങളുടെ നാലുവശവും എൻ.ബി.സി കോഡ് പ്രകാരമുള്ള ആറ് മീറ്റർ സർവിസ് റോഡും നിർമിക്കും. ഗ്രീൻ ബിൽഡിങ് സാങ്കേതികവിദ്യയായിരിക്കും നിർമാണത്തിനുപയോഗിക്കുക. അത്യാഹിതങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ആശുപത്രിയുടെ രൂപകൽപന. ബ്ലഡ് ബാങ്ക്, സ്കാനിങ് വിഭാഗം, പേ വാർഡ്, എക്സ്റേ, ലാബ്, കാൻറീൻ തുടങ്ങിയവ ഉൾെപ്പടെ പ്രവർത്തിക്കുന്ന തരത്തിലാണ് പുതിയ എട്ടുനിലയുള്ള ഒ.പി ബ്ലോക്ക് പ്രവർത്തനം തുടങ്ങുക. അഞ്ച് നിലകളുള്ള കെട്ടിടത്തിലാകും ഓപറേഷൻ തിയറ്ററുകൾ ഉൾെപ്പടെ പ്രവർത്തിക്കുക. ഭാവി ആശുപത്രി വികസനം കൂടി മുന്നിൽകണ്ടുള്ള 65 കോടി രൂപയുടെ വികസന മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. 1,15,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനുവേണ്ടി തിരുവനന്തപുരം എം.ജി.എം ആർക്കിടെക്റ്റാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. രൂപരേഖയുടെ സമർപ്പണവും അവതരണവും ആർ. രാമചന്ദ്രൻ എം. എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം. ശോഭനയിൽ നിന്ന് മാസ്റ്റർ പ്ലാൻ എം.എൽ.എ ഏറ്റുവാങ്ങി. അടുത്തദിവസം തന്നെ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ. രവീന്ദ്രൻ പിള്ള, സുബൈദ കുഞ്ഞുമോൻ, പി. ശിവരാജൻ, സുരേഷ് പനക്കുളങ്ങര, എം.കെ. വിജയഭാനു, കെ.എസ്.ഇ.ബി സിവിൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി. രാധാകൃഷ്ണൻ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എ. ഷാജഹാൻ, ആർക്കിടെക്ട് എം.ജി മഹേഷ്, സി. വിജയൻ പിള്ള, എൻ. സി ശ്രീകുമാർ, എസ്. ശക്തികുമാർ, ശിവപ്രസാദ്, ആർ.എം.ഒ ഡോ.അനൂപ് കൃഷ്ണൻ, നഴ്സിങ് സൂപ്രണ്ട് വിജയമ്മ എന്നിവർ സംസാരിച്ചു. അനുമതി ലഭിച്ചാൽ രണ്ടുവർഷം കൊണ്ട് ആശുപത്രി സമുച്ചയത്തി​െൻറ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.