സർവകലാശാല സിൻഡിക്കേറ്റുകളുടെ അനാസ്​ഥക്ക്​ ന്യായീകരണമില്ല -മുഖ്യമന്ത്രി

* ഗവേഷണം പ്രോത്സാഹിപ്പിക്കാനും പരീക്ഷ നടത്തിപ്പ് കാര്യക്ഷമമാക്കാനും കർമപദ്ധതി വേണം തിരുവനന്തപുരം: സർവകലാശാല സിൻഡിക്കേറ്റുകളുടെ പ്രവർത്തനത്തിൽ കർമരാഹിത്യവും അനാസ്ഥയും കാണുെന്നന്നും അതിനൊരു ന്യായീകരണവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി വിളിച്ചുചേർത്ത സിൻഡിക്കേറ്റ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയാണെന്നമട്ടിൽ സിൻഡിക്കേറ്റുകൾക്ക് മാറിനിൽക്കാൻ കഴിയില്ല. പരീക്ഷകളും ഫലപ്രഖ്യാപനവും അനന്തമായി നീണ്ടാൽ വിദ്യാർഥികളുടെ അക്കാദമിക് ഭാവിയാണ് നഷ്ടപ്പെടുക. സർവകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കാൻ സിൻഡിക്കേറ്റുകൾ നേതൃത്വപരമായ ഇടപെടൽ നടത്തണം. സർവകലാശാലകളുടെ നിലവാരം ഉയർത്തുക എന്നതാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ കടമ. എന്നാൽ, ഈ ചുമതല ശരിയായി നിർവഹിക്കപ്പെടുന്നില്ല. ഗവേഷണം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ വേണം. ഗവേഷണം നടത്തുന്ന അധ്യാപകരെ േപ്രാത്സാഹിപ്പിക്കണം. ഗവേഷണത്തിന് തടസ്സം നിൽക്കുന്ന പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. വ്യവസായ -സാങ്കേതികരംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണ പദ്ധതികൾ ഏറ്റെടുക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന കൺസൾട്ടൻസി നൽകണം. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കാര്യക്ഷമവും വേഗത്തിലുമാക്കാൻ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താതെ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. മറ്റ് സർവകലാശാലകളുടെ കോഴ്സിന് തുല്യത സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം നേരിടുന്നത് പരിഹരിക്കണം. വിദ്യാർഥികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ സിൻഡിക്കേറ്റുകൾ ശ്രദ്ധിക്കണം. അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുകയും അത് കൃത്യമായി നടപ്പാക്കുകയും വേണം. കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കണം. നിലവാരം നോക്കി വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികൾ ഇങ്ങോട്ടു വരുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. സിൻഡിക്കേറ്റ് പ്രതിനിധികൾ ഓരോ സർവകലാശാലയിലെയും പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. യോഗത്തിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.