കുണ്ടറ: മഹാശിലായുഗത്തിലേതെന്ന് കരുതുന്നതുൾപ്പെടെയുള്ള പുരാവസ്തുക്കളുടെ സാന്നിധ്യം ഉറപ്പാക്കിയ കിഴക്കേ കല്ലട പഞ്ചായത്തിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനക്കെത്തി. സർക്കാർ എൽ.പി സ്കൂൾ വളപ്പിൽ ഉൾപ്പെടെ ചരിത്രശേഷിപ്പുകളുടെ സാന്നിധ്യം കണ്ടതോടെ പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകരും മറ്റും സ്കൂളിന് എം.എൽ.എ അനുവദിച്ച ഒരു കോടിയുടെ കെട്ടിടം നഷ്ടപ്പെടുമെന്ന ആശങ്ക ഉയർത്തി. ഇത്തരം ആശങ്കക്ക് വകയില്ലെന്നും സ്കൂൾ വളപ്പിലുള്ള കരിങ്കൽ നിലവറ സംരക്ഷിച്ചുതന്നെ കെട്ടിടനിർമാണത്തിന് കഴിയുമെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കേരളത്തിെൻറ പലഭാഗങ്ങളിലും ക്രമീകരണങ്ങൾ നടത്തി ചരിത്രശേഷിപ്പുകൾ സംരക്ഷിച്ച് പള്ളികളും ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കിഴക്കേ കല്ലട ഗവ.എൽ.പി സ്കൂൾ വളപ്പിൽ ഒരടിതാഴ്ചയിൽ കരിങ്കൽ പാളികൾ കൊണ്ട് നിർമിച്ച നിലവറയും കിഴക്കേ കല്ലട പൈങ്ങാവേലിൽ ക്ഷേത്രത്തിലെയും പടിഞ്ഞാറേ കല്ലട ആവണിപുരം ക്ഷേത്രത്തിലെയും വട്ടെഴുത്ത് ലിപിയിലുള്ള ശിലാലിഖിത ഫലകങ്ങളും സംഘം പരിശോധിച്ചു. കൂടുതൽ പഠനത്തിനായി ആർക്കിയോളജി ഫോട്ടോഗ്രാഫർ ടി. ഗോപകുമാറിെൻറ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു. പ്രദേശങ്ങളിൽ ഉദ്ഘനനം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എക്സ്കവേഷൻ അസിസ്റ്റൻറ് എം. ശരത്കുമാരൻ നായർ പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതി തയാറാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പ്രദേശത്തെ ചരിത്രപഠനം സ്കൂൾ കെട്ടിടനിർമാണത്തിന് തടസ്സമാകുമെന്ന ആശങ്ക ഉണ്ടായതിനെതുടർന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരും ചരിത്രഗവേഷകരും ജനപ്രതിനിധികളും സ്കൂളിൽ യോഗം ചേർന്നു. ചരിത്രഗവേഷകനായ ഹരി കട്ടേൽ, സാംസ്കാരികവകുപ്പ് മുൻ അണ്ടർ സെക്രട്ടറി ഒടുപ്പത്ത് ചന്ദ്രശേഖരൻനായർ, സ്റ്റീഫൻ പുത്തേഴത്ത്, പ്രഫ. ഭാസ്കരൻനായർ, കല്ലട വി.വി. ജോസ്, എ.ജി. ശ്രീകണ്ഠൻ നായർ, ശ്രീരംഗം ശംഭു, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ, വൈസ് പ്രസിഡൻറ് മേരിക്കുട്ടി ജോയ്, ജനപ്രതിനിധികളായ ബിനു, അനിൽ ജോർജ്, യുമുന ഷാഹി, ഉഷാദേവി, ശശികല, സതീഷ്കുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കല്ലട വിജയൻ, പൈങ്ങാവേലിൽ ക്ഷേേത്രാപദേശകസമിതി പ്രസിഡൻറ് വരിക്കപ്പള്ളി ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.