* 249 വിദ്യാർഥികൾക്കായി 1.94 കോടി ഫീസ് നൽകും തിരുവനന്തപുരം: പട്ടികജാതി-വർഗ വകുപ്പിെൻറ സിവിൽസർവിസ് പരിശീലന കേന്ദ്രത്തിന് താഴുവീണു. മണ്ണന്തലയിൽ പ്രവർത്തിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവിസ് എക്സാമിനേഷൻ ട്രെയ്നിങ് സെൻററാണ് പൂട്ടിയത്. 249 വിദ്യാർഥികളെ പരിശീലനത്തിന് സിവിൽ സർവിസ് അക്കാദമിയിലേക്ക് മാറ്റി. ഹോസ്റ്റൽ നിർത്തി ജീവനക്കാരെ പറഞ്ഞുവിട്ടു. അക്കാദമിയിലെ ഫീസ് ഒരു വിദ്യാർഥിക്ക് 60,000 രൂപ വീതം പട്ടികജാതി-വർഗ വകുപ്പ് അടയ്ക്കുമെന്ന് ഡയറക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. ഏതാണ്ട് 1.49 കോടിരൂപ സിവിൽ സർവിസ് അക്കാദമിക്ക് നൽകണം. വിദ്യാർഥികൾക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപൻഡും നൽകും. 30 വർഷമായി വകുപ്പിെൻറ സ്ഥാപനത്തിൽ പഠിച്ച വിദ്യാർഥികൾക്കാർക്കും ഐ.എ.എസ് കിട്ടിയിട്ടില്ല. സ്ഥാപന നടത്തിപ്പിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് അതു മറികടക്കാൻ നടത്തുന്ന പരീക്ഷണമാണ് പുതിയനീക്കമെന്നാണ് ഡയറക്ടർ പറയുന്നത്. അതേസമയം, അക്കാദമിക നിലവാരം ഉയർത്താൻ കഴിയാത്തതിെൻറ കാരണങ്ങൾ വകുപ്പ് അന്വേഷിച്ചിട്ടില്ല. പട്ടികജാതി-വർഗ വകുപ്പിെൻറ കെടുകാര്യസ്ഥതയാണ് സ്ഥാപനം പൂട്ടുന്നതിലേക്ക് നയിച്ചതെന്ന വിമർശനമാണ് വിദ്യാർഥികൾക്കുള്ളത്. ഫലം ഉണ്ടാകാത്തതിന് ഉത്തരവാദികൾ വിദ്യാർഥികളല്ല. പി.എസ്.സി പരിശീലന നിലവാരത്തിലുള്ള പഠനമാണ് സെൻററിൽ ലഭിച്ചിരുന്നത്. ഭരണനിർവഹണം കാര്യക്ഷമമല്ല. പഠനത്തിനു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടതായും വിമർശനമുയരുന്നു. സർക്കാറിെൻറ അക്കാദമിയിലും പട്ടികജാതിവകുപ്പിെൻറ സ്ഥാപനത്തിലും പരിശീലനം ലഭിച്ചവർ പറയുന്നത് ഇതൊരു നാലാംകിട പരിശീലനകേന്ദ്രമാണെന്നാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് പട്ടികവിഭാഗ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സിവിൽ സർവിസ് പരിശീലനം നൽകുന്നതിൽ താൽപര്യമില്ല എന്ന ആരോപണവുമുണ്ട്. ആദിവാസികൾക്ക് നൽകുന്ന ഫണ്ട് പോലെയാണ് ഇതിനുള്ള തുക ചെലവഴിക്കുന്നത്. വിദഗ്ധരായ അക്കാദമിക് സമൂഹത്തെ ഉപയോഗപ്പെടുത്തി മികച്ചനിലയിൽ നാടിന് അഭിമാനമായി തീരേണ്ട സ്ഥാപനമാണിത്. ഫണ്ട് ഉപയോഗിച്ച് കെട്ടിടവും മറ്റും നിർമിച്ചത് ഒഴിച്ചാൽ സ്ഥാപനം നടത്തുന്നതിൽ വകുപ്പ് നിരുത്തരവാദിത്തം മുഖമുദ്രയാക്കി. നടത്തിപ്പിലെ പാളിച്ച ഇപ്പോഴും സർക്കാർ പരിശോധിച്ചിട്ടില്ല. പട്ടികവിഭാഗങ്ങൾക്ക് ഇത്രയൊക്കെ മതിയെന്നതാണ് ഉദ്യോഗസ്ഥരുടെ മനോഭാവം എന്ന അഭിപ്രായമാണ് വിദ്യാർഥികൾക്കുള്ളത്. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.