തിരുവനന്തപുരം: സിഗ്നൽ തെറ്റിച്ച് നീങ്ങിയ ട്രെയിൻ എൻജിൻ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ സംവിധാനങ്ങൾ പൂർണമായി തകിടം മറിച്ചു. ഇതോടെ മൂന്നുമണിക്കൂറോളം ട്രെയിൻ ഗതാഗതം അവതാളത്തിലായി. ആയിരക്കണക്കിന് യാത്രക്കാരാണ് പകരം യാത്രസംവിധാനമില്ലാതെ പെരുവഴിയിലായത്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. യാത്രകഴിഞ്ഞെത്തിയ എന്‍ജിന് റെയില്‍വേ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള 200 മീറ്റര്‍ നീളമുള്ള ലേ ബൈ ലൈനിലേക്ക് കടക്കാന്‍ അധികൃതർ സിഗ്നല്‍ നല്‍കിയിരുന്നില്ല. എന്നാൽ, ഇതു ശ്രദ്ധിക്കാതെ ലോക്കോ പൈലറ്റ് എൻജിൻ മുന്നോട്ടുനീക്കി. പാളങ്ങള്‍ യോജിക്കുന്ന ഭാഗത്ത് എത്തിയപ്പോഴേക്കും സിഗ്നല്‍ ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കാതെ റെഡ് സിഗ്നലാണെന്ന ധാരണയില്‍ ലോക്കോ പൈലറ്റ് എന്‍ജിന്‍ പിറകോട്ട് നീക്കി. ഇതോടെ സ്‌റ്റേഷനിലേക്ക് തീവണ്ടികള്‍ സ്വീകരിക്കുന്ന പ്രധാന ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം നിശ്ചലമായി. സംവിധാനം തകരാറിലായതോടെ തിരുവനന്തപുരത്തേക്ക് വന്ന ഇൻറർസിറ്റി, വഞ്ചിനാട്, കന്യാകുമാരി, മെമു, ട്രിവാന്‍ഡ്രം മെയില്‍ തുടങ്ങിയ തീവണ്ടികള്‍ മുരുക്കുംപുഴ വരെ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. മതിയായ യാത്രസൗകര്യങ്ങൾ ഇല്ലാത്ത സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് കൊച്ചുവേളിയിലും മുംബൈ-കന്യാകുമാരി ജയന്തി ജനത വേളിയിലും ചെെന്നെ മെയില്‍ കഴക്കൂട്ടത്തും പിടിച്ചിട്ടു. കൊച്ചുവേളിയിലും വേളിയിലും കുടുങ്ങിയ സർക്കാർ ജീവനക്കാർ തിരുവനന്തപുരത്ത് എത്താന്‍ സംവിധാനമില്ലാതെ വലഞ്ഞു. ഇവിടെനിന്ന് ഒന്നോ രണ്ടോ ബസുകള്‍ മാത്രമാണുള്ളത്. ഓട്ടോകളും കുറവായിരുന്നു. സിഗ്നല്‍ തകരാര്‍ പരിഹരിക്കാന്‍ വൈകുമെന്ന വിവരം യാത്രക്കാരെ അറിയിക്കുന്നതിലും റെയില്‍വേക്ക് വീഴ്ചപറ്റി. ഉടന്‍ യാത്ര ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. മൂന്നുമണിക്കൂറുകൾക്ക് ശേഷത്തെ തീവ്രപരിശ്രമങ്ങൾക്ക് ശേഷം12.30ഓടെയാണ് ട്രെയിനുകളെ മാന്വലായി സ്വീകരിക്കാൻ തമ്പാനൂർ സ്റ്റേഷന് കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.