സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പന; കര്‍ശനനടപടി വേണമെന്ന് ജില്ല വികസനസമിതി

കൊല്ലം: ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി, പുകയില ഉൽപന്നങ്ങള്‍ വില്‍പന നടത്തുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ജില്ല വികസനസമിതി യോഗം നിര്‍ദേശിച്ചു. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതുകൊണ്ടുമാത്രം കുട്ടികള്‍ക്കിടയില്‍ എത്തുന്നത് ഫലപ്രദമായി തടയാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരം ലഭ്യമാക്കുന്നതിന് സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളുടെയും സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെയും സഹായം തേടണമെന്ന് ഐഷാ പോറ്റി എം.എല്‍.എ നിര്‍ദേശിച്ചു. ചെയ്യുന്നത് തെറ്റാണെന്ന ബോധ്യം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുകയാണ് പ്രശ്‌നപരിഹാരത്തിന് അനുയോജ്യമെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. പൊലീസ്, എക്‌സൈസ് വകുപ്പുകളും വിദ്യാഭ്യാസ വകുപ്പും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ നിര്‍ദേശിച്ചു. ഹൈസ്‌കൂളുകളുടെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെയും പരിസരത്ത് രാവിലെയും വൈകീട്ടും പ്രത്യേക പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. ജില്ലയിലെ പല താലൂക്കുകളിലും നിരവധിപേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും വിതരണത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മയ്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ അപകടകരമായി നില്‍ക്കുന്ന മരം മുറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു. മാരക രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം വില്‍പനക്കെത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം. ആര്യങ്കാവ് ചെക്പോസ്റ്റലിലും മറ്റ് കേന്ദ്രങ്ങളിലും കര്‍ശന പരിശോധന വേണ്ടതുണ്ടെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ല തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.