കഞ്ചാവ് വിൽപനക്കാരുടെ കേന്ദ്രമായി ചക്കുവള്ളി ചിറ; പച്ചവെളിച്ചം മിന്നിച്ച് രാവാണിഭം

*മൂന്ന് ജില്ലകളുടെ അതിർത്തിയിലുള്ള പ്രദേശത്ത് രാത്രിയിലെത്തുന്ന കഞ്ചാവ് സംഘങ്ങൾ പച്ച വിളക്കുകൾ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത് ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ കഞ്ചാവ് വിപണനത്തി​െൻറ ആസ്ഥാനമായ ചക്കുവള്ളി ചിറയിലെ കാട് മൂടിയ പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാകുന്നു. സന്ധ്യക്ക് തുടങ്ങി അർധരാത്രി കഴിഞ്ഞും തുടരുന്ന ലഹരിവസ്തുക്കളുടെ കൈമാറ്റം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നടത്തുന്നത്. എക്സൈസും പൊലീസും പകൽനേരത്ത് വഴിപാട് പരിശോധന നടത്തി മടങ്ങുകയാണ് പതിവ്. മൂന്ന് ജില്ലകളുടെ അതിർത്തിയോട് ചേർന്നാണ് ചക്കുവള്ളി ചിറയും അതിന് ചുറ്റുമുള്ള ഏക്കർ കണക്കിന് പൊതുഭൂമിയുമുള്ളത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ നാലു കിലോമീറ്ററും ആലപ്പുഴ ജില്ലയിലേക്ക് മൂന്ന് കിലോമീറ്ററും മാത്രമാണ് ഇവിടെനിന്നുള്ള ദൂരം. ഈ ഭൗതികസാഹചര്യം ഉപയോഗപ്പെടുത്തിയാണ് അന്തർജില്ല കഞ്ചാവ് വിപണനസംഘങ്ങൾ ചക്കുവള്ളി ചിറ താവളമാക്കിയിരിക്കുന്നത്. ശൂരനാട് പൊലീസ് സ്റ്റേഷന് വിളിപ്പാട് അകലത്താണെങ്കിലും പൊലീസി‍​െൻറ ശ്രദ്ധ ഇവിടെയുണ്ടാകാറില്ല. നേരത്തേ പകൽ മുഴുവൻ വിവിധയിടങ്ങളിൽനിന്നുള്ള സംഘങ്ങൾ കഞ്ചാവ് കൈമാറാൻ ഇവിടെ തമ്പടിക്കുമായിരുന്നു. ഇത് വാർത്തയായതോടെ കഞ്ചാവ് വിപണനം രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആഡംബര കാറുകളിലും ബൈക്കുകളിലും എത്തുന്ന സംഘങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത് പച്ചവിളക്കുകൾ ഉപയോഗിച്ചാണ്. വാഹനങ്ങളിൽതന്നെ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയാണ് വരവ്. ആളൊഴിഞ്ഞ വിശാലമായ മൈതാനിയിൽ അവരവർ നിൽക്കുന്ന സ്ഥലം പരസ്പരം അറിയിക്കാനാണ് പച്ചവെളിച്ച പ്രയോഗം. ആയുധങ്ങളും സന്നാഹങ്ങളുമായെത്തുന്ന കഞ്ചാവ് മാഫിയയുടെ കൈപ്പിടിയിലമർന്ന പ്രദേശത്തേക്ക് രാത്രിയിൽ ഇപ്പോൾ നാട്ടുകാർ പോകാറില്ല. എക്സൈസ് അധികൃതരാവട്ടെ കൈയിൽ വന്നുപെടുന്നവരെ മാത്രമേ പിടികൂടുകയുള്ളൂ എന്ന വാശിയിലുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.