അധ്യാപികക്കുനേരെ ആസിഡ് ഒഴിച്ച പ്രതി അറസ്​​റ്റിൽ

മറ്റൊരു യുവാവുമായി വിവാഹനിശ്ചയം നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടാക്കട-: സ്കൂട്ടറില്‍ യാത്രചെയ്യവെ അധ്യാപികയായ യുവതിയെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതിയെ നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വലിയവിള സുബീഷ് ഭവനിൽ ഉണ്ണി എന്ന സുബീഷാണ് (28) പിടിയിലായത്. കുറ്റിച്ചല്‍ മന്തിക്കളം സ്വദേശിനിയാണ് ചൊവ്വാഴ്ച വൈകീട്ട് ആറോടെ കുറ്റിച്ചല്‍ -കോട്ടൂര്‍ റോഡില്‍ കരുംഭൂതത്താന്‍പാറ വളവില്‍ ആക്രമിക്കപ്പെട്ടത്. യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സൗദിയില്‍ മര്‍ച്ചൻറ് നേവിയില്‍ ജോലി നോക്കുന്ന സുബീഷ് കപ്പലി​െൻറ എൻജിന്‍ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ മറ്റൊരു യുവാവുമായി അവരുടെ വിവാഹനിശ്ചയം നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സുബീഷ് പൊലീസിന് മൊഴി നൽകി. ആഡിഡ് ഒഴിക്കുന്നതുവഴി യുവതിക്ക് വൈകല്യം നേരിട്ടാല്‍ തനിക്ക് വിവാഹം കഴിക്കാം എന്ന കണക്കുകൂട്ടലിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സുബീഷ് പൊലീസിനോട് പറ‍ഞ്ഞു. തുടര്‍ന്ന് കപ്പലില്‍ എൻജിന്‍ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ആസിഡ് കൈക്കലാക്കുകയും കപ്പലില്‍തന്നെ നാട്ടിലെത്തുകയും ചെയ്തു. സംഭവദിവസം രാവിലെ മുതല്‍തന്നെ തന്ത്രങ്ങള്‍ മെനഞ്ഞു. താനാണ് ആക്രമണം നടത്തിയതെന്ന് അറിയാതിരിക്കാനായി ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ചു. തുടര്‍ന്ന് ആസിഡ് ഒഴിച്ചശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിനു പിന്നാലെ ബൈക്കില്‍ രണ്ടുപേര്‍ പോയതാണ് കൂടുതല്‍പേർ ആക്രമണത്തിന് പിന്നിലുണ്ടെന്ന് നാട്ടുകാര്‍ അനുമാനിക്കാന്‍ ഇടയാക്കിയത്. ആക്രമണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അധ്യാപികയുടെ നിലപാട്. തുടര്‍ന്ന് വീട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോൾ സുബീഷിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇതിനിടെ ആസിഡ് ആക്രമണം നടത്തിയശേഷം തിരികെപ്പോകുമ്പോള്‍ വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചിടാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തത്. കൈയിലേറ്റ പൊള്ളലും ഫേസ്ബുക്ക് ചാറ്റിങ്ങും ഒക്കെ ചൂണ്ടിക്കാട്ടി പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഉപയോഗിച്ച ജാക്കറ്റും കൈയുറയുമൊക്കെ കത്തിച്ചുകളഞ്ഞതായും ഇയാൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.