പണിമുടക്ക്​ തുടരുന്നു; മത്സ്യമേഖല വറുതിയിലേക്ക്​

കൊല്ലം: മത്സ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല പണിമുടക്ക് ആറാം ദിനം പിന്നിടുമ്പോൾ മത്സ്യബന്ധന മേഖല വറുതിയിലേക്ക്. മത്സ്യബന്ധന അനുബന്ധ മേഖലയിയിലും ബോട്ട് പണിമുടക്ക് കാര്യമായി ബാധിച്ചു. മേഖല പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംസ്ഥാന വ്യാപകമായി 3800 ഓളം ബോട്ടുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. 40,000ത്തോളം മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിൽ മത്സ്യബന്ധനത്തിനായി പോകുന്നത്. കൂടാതെ, ഒന്നര ലക്ഷത്തിലേറെ അനുബന്ധ തൊഴിലാളികളും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ രണ്ടു ലക്ഷത്തിലേറെ പേർക്കാണ് ഇപ്പോൾ ആറു ദിവസമായി തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. സമരം നീണ്ടതോടെ ഐസ് പ്ലാൻറുകളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിൽ ഐസ് നിർമാണം നിർത്തിവെക്കാൻ സംസ്ഥാന ഐസ് മാനുഫാക്‌ച്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡൻറ് പ്രേമചന്ദ്രനും ജനറൽ സെക്രട്ടറി കെ. ഉത്തമനും അറിയിച്ചു. യന്ത്രവത്കൃത ബോട്ടുകൾ മാത്രം അടുക്കുന്ന ഹാർബറുകൾ അടഞ്ഞുകിടക്കുകയാണ്. ബോട്ട് പണിമുടക്കിനെ തുടർന്ന് വലിയ മീനുകളുടെ ലഭ്യതയും കുറഞ്ഞുതുടങ്ങി. ചെറിയ ഇനം മത്സ്യങ്ങളാണ് ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നത്. ഇതി​െൻറ വിലയും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് വിൽക്കുന്ന മീനി​െൻറ 80 ശതമാനവും യന്ത്രവത്കൃത ബോട്ടുകൾ പിടിക്കുന്നവയാണ്. സമരം നീണ്ടാൽ മീൻ വില ഇനിയും ഉയരും. ബോട്ടുകൾ കടലിൽ പോകാതായതോടെ കടലോര മേഖലയിലെ പമ്പുകളിലേക്ക് ഡീസൽവരവ് നിലച്ചു. ഇത് സർക്കാറിന് നികുതി നഷ്ടവും ഉണ്ടാക്കുന്നുണ്ട്. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് തരുന്നതു വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു. ഇന്ധന വിലവർധന കുറച്ച് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുക, ഡീസൽ സബ്സിഡി യന്ത്രവത്കൃത മത്സ്യബന്ധന മേഖലക്കും നൽകുക, ഓഖി ദുരന്തത്തിൽ പൂർണമായും ഭാഗികമായും നഷ്ടം സംഭവിച്ച എല്ലാ നൗകകൾക്കും അപകടം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.