തിരുവനന്തപുരം: നഗരസഭ വർധിപ്പിച്ച ലൈസൻസ് ഫീസും തൊഴിൽകരവും കെട്ടിടകരവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ 12 മണിക്കൂർ കടയടപ്പ് സമരം ജില്ലയിൽ പൂർണം. 98 ശതമാനം കടകളും അടഞ്ഞുകിടന്നത് ജനത്തെ ദുരിതത്തിലാഴ്ത്തി. പെട്ടിക്കടകൾ മുതൽ ഹോട്ടലുകൾ വരെ അടഞ്ഞതോടെ ജില്ലക്ക് പുറത്തുനിന്നെത്തിയ യാത്രക്കാർ വലഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റ്, ജി.എസ്.ടി ഭവൻ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ കാൻറീനുകൾ പ്രവർത്തിച്ചത് താൽക്കാലികാശ്വാസമായി. സമരത്തിെൻറ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ടി. നസറുദ്ദീൻ വിഭാഗം) ജില്ല നേതൃത്വം സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ തുഗ്ലക്ക് പരിഷ്കാരങ്ങൾ അവസാനിപ്പിക്കണമെന്നും സർക്കാർ ഉത്തരവ് മറികടന്നുള്ള പരിഷ്കാരങ്ങൾ വ്യാപാരികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം 500 രൂപ ലൈസൻസ് ഫീസായി ഇടാക്കിയിരുന്നിടത്ത് ഈ വർഷം 2500 മുതൽ 3000 രൂപ വരെയാണ് നൽകേണ്ടത്. തട്ടുകട നടത്തുന്നവർക്കും വൻകിട ഹോട്ടലുകാർക്കും ഒരേ ഫീസാണ് ഈടാക്കുന്നത്. ഇത് ചെറുകിട വ്യാപാരികളോടുള്ള നെറികേടാണ്. ജി.എസ്.ടി മൂലം നഗരസഭക്കുണ്ടായ നഷ്ടം വ്യാപാരികളിൽ അടിച്ചേൽപിക്കാനാണ് മേയറും കൂട്ടരും ശ്രമിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം മൂന്നു വിഭാഗങ്ങളായി വേണം ലൈസൻസ് ഫീസ് ഈടാക്കേണ്ടത്. എന്നാൽ, ഇതെല്ലാം എടുത്തുകളഞ്ഞ് ചെറുകിടക്കാരെയും വൻകിടക്കാരെയും ഒറ്റ വിഭാഗമായി കണ്ടാണ് ലൈസൻസ് ഫീസ് പിരിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നും വ്യാപാരികളെ കഷ്ടപ്പെടുത്തിയവരാരും ഭരണത്തിൽ തുടർന്നിട്ടില്ലെന്നും പെരിങ്ങമ്മല രാമചന്ദ്രൻ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി വൈ. വിജയൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ധനീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. നെയ്യാറ്റിൻകര താലൂക്ക് പ്രസിഡൻറ് പ്രസിഡൻറ് വെള്ളറട രാജേന്ദ്രൻ, ചിറയിൻകീഴ് താലൂക്ക് പ്രസിഡൻറ് കുട്ടപ്പൻ നായർ എന്നിയവർ സംസാരിച്ചു. പാളയം ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. അതേസമയം, വർധിപ്പിച്ച ലൈസൻസ് ഫീസ് വ്യാപാരികൾ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) സംസ്ഥാന വൈസ് പ്രസിഡൻറ് കമലാലയം സുകു പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 30ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാത്രം ലൈസൻസ് ഫീസ് ഈടാക്കാൻ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നിരിക്കെ സ്വന്തം നിലയിൽ ഇരട്ടിയിലധികം ഫീസ് വർധന വരുത്തിയ തദ്ദേശസ്ഥാപനങ്ങൾ കടുത്ത നിയമലംഘനമാണ് നടത്തുന്നത്. നടപടി പിൻവലിച്ചില്ലെങ്കിൽ അമിത ഫീസ് ഈടാക്കുന്ന ഉദ്യോഗസ്ഥരെ നിയമപരമായി നേരിടുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ട്രഷറർ നെട്ടയം മധു, ജെ. ശങ്കുണ്ണിനായർ, കരമന മാധവൻകുട്ടി, ആര്യശാല സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.