വള്ളക്കടവ്: വിമാനത്താവള സുരക്ഷയെ ബാധിക്കുംവിധം എട്ട് ബഹുനില മന്ദിരങ്ങൾ വിമാനത്താവള അതോറിറ്റി റെഡ് സോണായി നിശ്ചയിച്ച മേഖലയിൽ ഉയർന്നതായി കണ്ടെത്തൽ. വിമാനത്താവള സുരക്ഷയും ഭാവിയിലെ വികസന പ്രവർത്തനങ്ങളും കണക്കിലെടുത്ത് കളർ സോൺ ഏർപ്പെടുത്തിയ ശേഷമാണ് നിർമാണം നടന്നിരിക്കുന്നത്. കളർ സോൺ പ്രാബല്യത്തിൽ വരുത്താത്തതിനെതിരെ ഹൈകോടതിയിൽ ഹരജി വന്ന പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, കളർ സോൺ ഏർപ്പെടുത്തിയതിെൻറ പേരിൽ കോർപറേഷൻ കെട്ടിട നിർമാണത്തിന് പെർമിറ്റ് നിഷേധിക്കുന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് മേയർ വി.കെ. പ്രശാന്ത് എൻജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പ്രതിസന്ധി പരിഹരിക്കാൻ വിമാനത്താവള അധികൃതരുടെ യോഗം വിളക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. ബുധനാഴ്ച വിമാനത്താവള അധികൃതരുമായി നടത്തുന്ന ചർച്ചയിൽ കോർപറേഷെൻറ ആശങ്ക പങ്കുവെക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. അതീവ സുരക്ഷ മേഖലയായി പ്രഖ്യാപിച്ച വിമാനത്താവളത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലെ നിർമാണ പ്രവർത്തനങ്ങൾക്കാണ് കോർപറേഷൻ അനുമതി നിഷേധിച്ചത്. ഇത്തരത്തിൽ അമ്പതോളം അപേക്ഷ കോർപറേഷനിൽ തീർപ്പാകാതെ കിടക്കുന്നുണ്ടെന്ന് മേയർ അറിയിച്ചു. ഈ ഫയലുകൾ അതോറിറ്റിയുടെ അനുമതിക്ക്് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 16 മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിർമിക്കേണ്ട കെട്ടിടങ്ങൾക്ക് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപകപത്രം (എൻ.ഒ.സി) ആവശ്യമാണ്. പുതിയ നിർദേശത്തോടെ റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്തെ എല്ലാ കെട്ടിടങ്ങൾക്കും എയർപോർട്ട്് അതോറിറ്റിയുടെ അനുമതി ആവശ്യമായിവരും. എൻ.ഒ.സി അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം നിലവിലുണ്ട്. ഇതിന് അതോറിറ്റി പ്രത്യേക ഫീസ് ഈടാക്കുന്നില്ല. അപേക്ഷ സമർപ്പിക്കുന്നതിെൻറ പേരിൽ ജനങ്ങളിനിന്ന്് അമിതമായ തുക ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. അതേസമയം, കളർ സോൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ എയർപോർട്ട് അതോറിറ്റി സർക്കാറിന് കത്ത് നൽകിയത് 2016ലാണെന്ന് വ്യക്തമായി. രണ്ടുവർഷം ഒന്നും മിണ്ടാതിരുന്ന സർക്കാർ കഴിഞ്ഞ ഡിസംബർ 28ന് അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ കോർപറേഷനോട് നിർദേശിക്കുകയായിരുന്നു. വിമാനത്താവളത്തോടുചേർന്ന പ്രദേശങ്ങളിൽ ബഹുനില മന്ദിരങ്ങൾ ഉയരുന്നത് വിമാനങ്ങളുടെ ലാൻഡിങ്ങിനെ ദോഷകരമായി ബാധിക്കും. കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച വൈദ്യുതി വിളക്കുകൾ ലാൻഡിങ്ങിന് തടസ്സമുണ്ടാക്കുന്നുവെന്നാണ് വിമാനത്താവള അധികൃകതരുടെ നിലപാട്. കളർ സോൺ ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദേശം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് പെർമിറ്റ് നിഷേധിച്ചത്. സമുദ്രനിരപ്പിൽനിന്ന് 16 മീറ്റർവരെ ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയുമെന്നാണ് പ്രതീക്ഷ. അതനുസരിച്ച് റെഡ് സോൺ ഏരിയയിൽ വരുന്ന താഴ്ന്ന പ്രദേശങ്ങളിൽ ഒന്നോ രണ്ടോ നില പണിയാൻ തടസ്സമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉയരമുള്ള പ്രദേശങ്ങളിൽ ജനം ബുദ്ധിമുട്ടും. റെഡ് സോൺ ഏരിയയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇളവുനൽകണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ പ്രമേയം പാസാക്കുമെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ ആർ. സതീഷ്കുമാർ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ എയർപോർട്ട് അതോറിറ്റിയും കേന്ദ്ര വ്യോമയാന മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ പരിധിയിലെ ഇരുപതോളം വാർഡുകളെയാണ് എയർപോർട്ട് അതോറിറ്റി റെഡ് സോൺ ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റു വാർഡുകൾ മറ്റു കളർ സോണുകളിൽ വരുമെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് കാര്യമായ തടസ്സമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.