എൻഡോസൾഫാൻ: പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണം ^മുഖ്യമന്ത്രി

എൻഡോസൾഫാൻ: പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമീഷ​െൻറ ശിപാർശകളും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് നഷ്ടപരിഹാരവും പ്രതിമാസ പെൻഷനും നൽകാനാവശ്യമായ തുകയുടെ 50 ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമീഷൻ ശുപാർശയും സുപ്രീംകോടതി നിർദേശവും അനുസരിച്ച് ആശ്വാസധനം നൽകാൻ സംസ്ഥാന സർക്കാറിന് വരുന്ന ബാധ്യത 349 കോടി രൂപയാണ്. ഇതി​െൻറ പകുതി തുകയായ 174.5 കോടി രൂപയും അഞ്ചുവർഷത്തേക്ക് പെൻഷൻ നൽകുന്നതിനാവശ്യമായ തുകയുടെ പകുതി 25.8 കോടി രൂപയും അടക്കം 200.3 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു. എൻഡോസൾഫാൻ ദുരന്തബാധിതരെ സഹായിക്കുന്നതിന് 483 കോടി രൂപയുടെ പദ്ധതി 2012ൽ തന്നെ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. കേന്ദ്രസഹായം ആവശ്യപ്പെട്ട് 2017 ഫെബ്രുവരി 14, ഒക്ടോബർ 30 തീയതികളിൽ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നാൽ, അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ദുരന്തബാധിതരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നത്. ദുരന്തബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രം മതിയായ സാമ്പത്തിക പിന്തുണ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ കേന്ദ്രസർക്കാറിനോട് അസന്ദിഗ്ധമായി ആവശ്യപ്പെട്ടിരുെന്നന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തബാധിതർക്ക് ആശ്വാസം നൽകാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള ചുമതല സംസ്ഥാന--കേന്ദ്ര സർക്കാറുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയും ഏൽപിച്ചത്. എന്നിട്ടും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.