തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ വായിക്കാനും എഴുതാനും പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരത മിഷൻ ആരംഭിച്ച 'പച്ചമലയാളം', 'അബീ ഹിന്ദി', 'ഗുഡ് ഇംഗ്ലീഷ്' കോഴ്സുകൾക്ക് തുടക്കമായി. ശാസ്ത്രീയമായി ഈ ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ പഠിതാക്കളെ പ്രാപ്തമാക്കുകെയന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ നാലുമാസത്തെ കോഴ്സുകൾക്ക് തുടക്കത്തിൽതന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. സംസ്ഥാനത്ത് പച്ചമലയാളത്തിന് 688പേരും ഇംഗ്ലീഷിന് 996പേരും ഹിന്ദിക്ക് 334പേരുമാണ് നിലവിൽ പഠനം നടത്തിവരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് പച്ചമലയാളത്തിന് ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയതിരിക്കുന്നത് -110പേർ. അബീ ഹിന്ദി കോഴ്സിലും മുന്നിൽ തിരുവനന്തപുരം ജില്ലയാണ്. ഇവിടെ ഈ കോഴിസിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ആണ്. ഗുഡ് ഇംഗ്ലീഷ് കോഴ്സിന് ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 400പേർ. എട്ടാംക്ലാസ് പൂർത്തിയാക്കിയ 17 വയസ്സ് പ്രായമുള്ള ആർക്കും ഈ കോഴ്സുകൾക്ക് ചേരാം. പഠിതാക്കളുടെ എണ്ണം അനുസരിച്ച് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പകൽ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. 17 വയസ്സിന് താഴെ പ്രായമുള്ള വിദ്യാർഥികൾക്കും ഈ കോഴ്സിൽ ചേരാം. ബന്ധപ്പെട്ട വിദ്യാലയത്തിൽ 30പേർ പഠിതാക്കളായി ഉണ്ടാകണമെന്നുമാത്രം. വിരമിച്ച അധ്യാപകർ, മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ എന്നിവരാണ് അധ്യാപകർ. ഇവർക്ക് ഓണറേറിയം നൽകും. നിശ്ചിത ഫീസ് പഠിതാക്കളിൽനിന്ന് ഈടാക്കും. വിദ്യാർഥികൾ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർക്ക് ഈ കോഴ്സുകളിൽ ചേരാം. അനൗപചാരിക വിദ്യാഭ്യാസത്തിലും ഭാഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് സമൂഹത്തെയാകെ ഭാഷാ പ്രയോഗത്തിൽ നിപുണരും അതിലൂടെ സാഹിത്യ -സാംസ്കാരിക പഠനങ്ങളിൽ തൽപരരുമാക്കി മാറ്റുകയാണ് കോഴ്സുകളുടെ വിശാലമായ ലക്ഷ്യം. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.