*ഭൂമി തട്ടിയെടുക്കാനായി ആധാരങ്ങൾ ചിലർ കൈക്കലാക്കിയതായി പ്രതിപക്ഷം പുനലൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ ആധാരം നഷ്ടപ്പെട്ടതായി ആക്ഷേപം. നഗരസഭ ഭൂമി തട്ടിയെടുക്കാനായി ആധാരങ്ങൾ ചിലർ കൈക്കലാക്കിയതാെണന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. നഗരസഭയുടെ ഉടമസ്ഥതയിൽ നഗരത്തിലുള്ള കോടികൾ വിലവരുന്ന വസ്തുക്കളുടെ അടക്കം ആധാരമാണ് ഇപ്പോൾ 'കാണാനില്ലാ'ത്തത്. വർഷങ്ങളായി നഗരസഭ വില നൽകിയതും ദാനമായി ലഭിച്ചതുമായ ആധാരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇതിൽ പലതും ബന്ധപ്പെട്ട ജീവനക്കാരുടെ മേൽവിലാസത്തിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പതിറ്റാണ്ടുകളായിട്ടും പോക്കുവരവ് ചെയ്ത് നഗരസഭയുടെ പേരിലാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് യു.ഡി.എഫ് പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ലീഡർ ജി. ജയപ്രകാശ് കൗൺസിലിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഈ കൗൺസിലിൽ സെക്രട്ടറിയുടെ അഭാവത്തിൽ വ്യക്തമായ മറുപടി ഉണ്ടായില്ല. അടുത്ത കൗൺസിലിൽ വിശദമായ റിപ്പോർട്ട് നൽകാമെന്നായിരുന്നു അധികൃതരുടെ മറുപടി. നഗരസഭയുടെ ഭൂമി ചില രാഷ്ട്രീയ നേതാക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. നഗരസഭയിലെ കാഷ് ചെസ്റ്റിൽ ഭദ്രമായി സൂക്ഷിക്കേണ്ട ആധാരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. അതേസമയം നഗരസഭ ഭൂമിയുടെ ആധാരങ്ങൾ കൈക്കലാക്കി ആർക്കെക്കിലും ഭൂമി സ്വന്തമാക്കാനോ പണയപ്പെടുത്താനോ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പല ഭൂമികളും എൽ.എ ആക്ട് പ്രകാരം സർക്കാറിൽനിന്ന് വിട്ടുകിട്ടിയിട്ടുള്ളതിനാൽ ഇവക്ക് ആധാരമുണ്ടാകില്ല. ഇനി ഏതെങ്കിലും വസ്തുവിെൻറ ആധാരം നഷ്ടപ്പെട്ടാൽ ആവശ്യങ്ങൾ വരുമ്പോൾ ഇവയുടെ സർട്ടിഫിക്കറ്റ് ഓഫ് കോപ്പി എടുത്ത് കാര്യങ്ങൾ നടത്തുകയാണ് പതിവ്. എന്നാൽ, ആധാരങ്ങളടക്കം വിലപിടിപ്പുള്ള രേഖകൾ സൂക്ഷിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടെന്ന് വിവാദത്തോടെ വ്യക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.