*സമരം ചെറുമീൻ പിടിക്കുന്നതിലെ നിയന്ത്രണത്തിനെതിരെ* മത്സ്യകയറ്റുമതി, ഐസ് വിപണി, അനുബന്ധമേഖലകൾ എന്നിവയെയും സമരം ബാധിക്കും കാവനാട്: മത്സ്യബന്ധനത്തിന് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയതിലും ഡീസൽ വില വർധനയിലും പ്രതിഷേധിച്ച് മത്സ്യബന്ധനമേഖലയിൽ അനിശ്ചിതകാല സമരം തുടങ്ങി. വ്യാഴാഴ്ച യന്ത്രവൽകൃത ബോട്ടുകളൊന്നും കടലിൽ പോയില്ല. ജില്ലയിലെ പ്രധാന ഹാർബറുകളായ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽനിന്ന് ഒരു ബോട്ടും മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതിനെതുടർന്ന് ഹാർബറുകൾ നിശ്ചലമായി. ജില്ലയിൽ 1200ഓളം ബോട്ടുകളാണുള്ളത്. സമരപ്രഖ്യാപനത്തെതുടർന്ന് കടലിലുണ്ടായിരുന്ന മീൻപിടിത്ത ബോട്ടുകളെല്ലാം ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരത്ത് തിരിച്ചെത്തിയിരുന്നു. ഹാർബറുകളിലും ബോട്ടുകളിലുമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഭൂരിപക്ഷവും സമരത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. സമരം തുടർന്നാൽ മത്സ്യകയറ്റുമതി, ഐസ് വിപണി, മറ്റ് അനുബന്ധ മേഖലകൾ എന്നിവയും സ്തംഭിക്കും. ചെറുമീൻ പിടിക്കുന്നുവെന്ന് ആരോപിച്ച് ബോട്ടുകൾക്ക് വൻതുക പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിക്കെതിരെ ഓർ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിലാണ് സമരം. നോട്ട് നിരോധനം, ഇന്ധന വിലവർധന, ജി.എസ്.ടി തുടങ്ങിയവമൂലം മത്സ്യബന്ധനമേഖല തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയമങ്ങളുമായി എത്തുന്നതെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു. പുതിയ നിയമം കൂടി വന്നതോടെ മത്സ്യബന്ധനമേഖല മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു. ആശ്വാസം കിട്ടേണ്ട സമയത്ത് സർക്കാറിെൻറ ഇത്തരം തീരുമാനങ്ങൾ മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകളും കടലിൽ ഇറങ്ങിയില്ലെന്നും പീറ്റർ മത്യാസ് പറഞ്ഞു. വൻ മത്സ്യങ്ങൾ അപ്രത്യക്ഷമായ കടലിൽനിന്ന് ഇപ്പോൾ ചെറിയ മീനുകളാണ് കൂടുതലായി വലയിലാകുന്നതെന്നും അധികം വലിപ്പമില്ലാത്ത ഇത്തരം മീൻ പിടിക്കുന്നതിനാണ് ജുവൈനൽ ഫിഷിങ് ആക്ടിൽ ഉൾപ്പെടുത്തി ഇപ്പോൾ അധികൃതർ നടപടി എടുക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആഴക്കടലിൽ വലവിരിക്കുമ്പോൾ ചെറിയ മീനും വലിയ മീനും വേർതിരിച്ച് പിടിക്കാനാവില്ലെന്നും തൊഴിലാളികർ ചൂണ്ടിക്കാട്ടി. യന്ത്രവത്കൃത വലിയ വള്ളങ്ങളും വ്യാഴാഴ്ച കടലിൽ പോകാതെ സമരത്തിൽ പങ്കെടുത്തതായി ബോട്ടുടമ സംഘടനാ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.