പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ മൃഗവേട്ട സംഘമെന്ന് സംശയം. കഴിഞ്ഞ ദിവസമാണ് മാങ്കോട് നിന്നും തോക്ക് പൊലീസ് കണ്ടെടുത്തത്. കൊല്ലം, പത്തനംതിട്ട ജില്ല അതിർത്തി പ്രദേശമായ മലയോര മേഖലകളിൽ മൃഗവേട്ട വ്യാപകമാണ്. രണ്ട് ജില്ലകളുടെയും അതിർത്തി മേഖലയായതിനാൽ പൊലീസും ഫോറസ്റ്റ് അധികാരികളും അടക്കമുള്ളവർ കാര്യമായ പരിശോധനകൾ നടത്തുന്നില്ല എന്നതാണ് സത്യാവസ്ഥ. പാടം, പൂമരുതിക്കുഴി, കിഴക്കേവെള്ളംതെറ്റി, മാങ്കോട്, പൂങ്കുളഞ്ഞി, കടശ്ശേരി, ചെമ്പനരുവി മേഖലകളിൽ മൃഗവേട്ട സ്ഥിരമായി നടക്കുന്നുണ്ട്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകളുപയോഗിച്ചാണ് മൃഗവേട്ട. പന്നി, കേഴ, കൂരൻ, മുള്ളൻപന്നി എന്നിവയെയാണ് കൂടുതലും വേട്ടയാടപ്പെടുന്നത്. എയർ ഗൺ ഉപയോഗിച്ച് ചെവിയൻ, മലയണ്ണാൻ, കീരി, പാറാൻ എന്നിവയെയും ചില അപൂർവയിനം പക്ഷികളെയും കൊല്ലുന്നതും പതിവായിട്ടുണ്ട്. പത്തനാപുരം, കോന്നി പൊലീസ്, എക്സൈസ്, വനം വകുപ്പുകളുടെ പരിധിയിലാണ് ഇത് കൂടുതലും നടക്കുന്നത്. ചാണക ക്കുഴിയിൽ ഒളിപ്പിച്ച നിലയിൽ കുറെ നാൾ മുമ്പ് മൃഗങ്ങളുടെ കൊമ്പും സമീപത്തെ വനത്തിൽനിന്ന് വന്യമൃഗങ്ങളുടെ അസ്ഥി കൂടങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം തോക്കുമായി രണ്ടംഗസംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ നടത്തുന്ന റെയ്ഡുകൾ പലപ്പോഴും പ്രഹസനമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.