ഇടക്കിടെ വീശിയടിക്കുന്ന കൂറ്റൻ തിരമാലകളാണ് കുന്നിടിച്ചിലിന് ഇടയാക്കുന്നത് പരവൂർ: കോങ്ങാൽ മലപ്പുറം തീരഭാഗത്ത് വൻതോതിൽ മണ്ണിടിയുന്നത് പ്രദേശത്തെ പത്തോളം വീടുകൾക്ക് ഭീഷണിയായി. മലപ്പുറത്ത് ഉപ്പൂപ്പ പള്ളിക്കും പനമൂട് ക്ഷേത്രത്തിനുമിടക്ക് അര കിലോമീറ്ററോളം തീരഭാഗമാണ് ഇടിഞ്ഞുതാഴുന്നത്. സമുദ്രനിരപ്പിൽനിന്ന് 75 അടിയോളം ഉയരമുള്ള ഭാഗമാണ് പ്രധാനമായും ഇടിയുന്നത്. മൂന്നാഴ്ച മുമ്പാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്. ഇടക്കിടെ വീശിയടിക്കുന്ന കൂറ്റൻ തിരമാലകളാണ് കുന്നിടിച്ചിലിന് ഇടയാക്കുന്നത്. ഇവിടെ കുറെ ഭാഗത്ത് കടൽഭിത്തിയില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. കരയുടെ മുകൾഭാഗത്ത് വലിയ വിള്ളലുകളുണ്ടായി അടർന്നുവീഴുകയാണ്. ശേഷിക്കുന്ന സ്ഥലത്ത് 10 മുതൽ 25 മീറ്റർ വരെ വീതിയിൽ വീണ്ടും വിള്ളലുകളുണ്ടായി വരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതുവരെയുണ്ടായ മണ്ണിടിച്ചിലിൽ നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റും കടലിൽ പതിച്ചു. കോങ്ങാൽ കാട്ടുതാഴം വീട്ടിൽ ഷാഹുൽ ഹമീദിെൻറ പുരയിടമാണ് കൂടുതലും കടലിൽ പതിച്ചത്. ഇതിനോട് ചേർന്നുള്ള നാല് പറമ്പുകൾക്കും വീടുകൾക്കും ഭീഷണി നിലനിൽക്കുന്നു. ഏതാനും വർഷം മുമ്പും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണിടിച്ചിൽ സംബന്ധിച്ച് കോട്ടപ്പുറം വില്ലേജ് ഒാഫിസർ സുരേഷ് മൂന്നാഴ്ച മുമ്പുതന്നെ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തഹസിൽദാർ അഹമ്മദ് കബീറും ഡെപ്യൂട്ടി തഹസിൽദാർ ബി.പി. അനിയും സ്ഥലത്തെത്തി വിവരം ശേഖരിച്ചു. വിണ്ടുകീറിയിരിക്കുന്ന ഭാഗങ്ങളിലേക്ക് ആളുകൾ കടക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ, തീരവാസികൾക്ക് സഞ്ചരിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതുമൂലം ചിലർ ഇതുവഴിതന്നെ സഞ്ചരിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ആരംഭിച്ച സമയത്തുതന്നെ അപകടകരമായ അവസ്ഥയിൽ നിന്ന പോസ്റ്റുകളിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. പകരം കേബിൾ വലിച്ച് വൈദ്യുതി നൽകിവരുകയായിരുന്നു. അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ പോസ്റ്റുകളും മാറ്റി സ്ഥാപിച്ചുവരുകയാണ്. തെക്കുംഭാഗം മുതൽ പൊഴിക്കര സ്പിൽവേ വരെയുള്ള തീരപ്രദേശത്ത് പൂർണമായും കേബിൾ സ്ഥാപിക്കുന്ന പദ്ധതി തയാറാക്കിവരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.