തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ പുലിമുട്ട് നിർമാണം മുടങ്ങിയതിനെതിരെ സെക്രേട്ടറിയറ്റ് നടയിൽ കല്ല് നിരത്തി പ്രതീകാത്മക പ്രതിഷേധം. നിർമാണത്തിന് കല്ല് ലഭിക്കുന്നില്ലെന്ന കാരണമാണ് ജോലി തടസ്സപ്പെടാൻ കാരണമായി അധികൃതർ പറയുന്നത്. കല്ല് ലഭ്യമാെണന്നും അതിന് കൃത്യമായ സംവിധാനമൊരുക്കിയാൽ മതിയെന്നുമുള്ള പരിഹാരം മുന്നോട്ട്വെച്ചാണ് വിഴിഞ്ഞം പോർട്ട് ആക്ഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ വേറിട്ട സമരം നടന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കല്ലുകളാണ് സെക്രേട്ടറിയറ്റിന് മുന്നിൽ നിരത്തിയത്. വിഴിഞ്ഞം പോർട്ട് ആക്ഷൻ സമിതിയുടെ മുതിർന്ന അംഗം പാച്ചല്ലൂർ സാലി ഉദ്ഘാടനം ചെയ്‌തു. ലോസ് ഏയ്ഞ്ചൽസ്, ഇന്തോനേഷ്യ, മലേഷ്യ, കാമറൂൺ, സിംഗപ്പൂർ, ഷാർജ, നൈജീരിയ, ടാൻസാനിയ എന്നിവിടങ്ങളിലെ കല്ലുകൾ പ്രതീകാത്മക പ്രതിഷേധ പ്രദർശനത്തിലെ മുഖ്യ ആകർഷണമായിരുന്നു. രാജ്യത്തിനകത്തുള്ള കല്ലുകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. ആഗ്ര, ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ജയ്‌പൂർ, മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം, മംഗളൂരു, മൈസൂർ, തൂത്തുക്കുടി, തൃപ്പരപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കല്ലുകളും പ്രദർശനത്തിൽ നിരത്തി. കല്ലുകളുമായുള്ള വാഹനജാഥ ഞായറാഴ്ച രാവിലെ വിഴിഞ്ഞത്തേക്ക് തിരിക്കും. വൈകീട്ട് മൂന്നിന് പദ്ധതി പ്രദേശത്തെ പുലിമുട്ടിൽ കല്ലുകൾ നിക്ഷേപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.