കുന്നിക്കോട്ട്​ മോഷണ സംഘങ്ങൾ വിലസുന്നു

കുന്നിക്കോട്: മേഖലയിൽ മോഷണസംഘങ്ങൾ വിലസുന്നു. കഴിഞ്ഞദിവസം പിറവന്തൂര്‍ പഞ്ചായത്തിലെ ചേകത്ത് വീട്ടമ്മയെ ആക്രമിച്ച് വീട്ടില്‍ കവര്‍ച്ച നടത്തിയിരുന്നു. വീടി​െൻറ പുറകുവശത്തെ കതക് കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടമ്മയുടെ സ്വർണമാലയും കമ്മലും ഉൾപ്പെടെ മൂന്നരപ്പവൻ കവർന്നു. മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകനെയും സഹോദരപുത്രനെയും പുറത്തുനിന്ന് പൂട്ടിയശേഷം വീട്ടമ്മയുടെ കമ്മൽ അറുത്തെടുക്കുകയായിരുന്നു. മാരകായുധങ്ങളുമായി മോഷ്ടാക്കൾ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ഒരാഴ്ച മുമ്പ് വിളക്കുടി പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ മോഷണങ്ങള്‍ നടന്നിരുന്നു. രാത്രി ഗ്രാമീണമേഖലയിലാണ് കൂടുതലും കവർച്ച നടക്കുന്നത്. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കാത്തതും സംഘങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്. ആറ് മാസത്തിനിടെ അമ്പതിലധികം മോഷണക്കേസുകളാണ് കിഴക്കൻ മേഖലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അന്വേഷണവും തുടർനടപടികളും ഉണ്ടാകുന്നില്ല. പലഭാഗങ്ങളിലും നാട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പത്തനാപുരം പട്ടാഴി റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസില്‍ മോഷണശ്രമം നടന്നിരുന്നു. ഇതോടെ രാത്രികാലങ്ങളിൽ മാത്രമല്ല പകൽസമയങ്ങളിലും മോഷ്ടാക്കളെ ഭയക്കേണ്ട സ്ഥിതിയിലാണ് ജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.