പ്ലാറ്റ്ഫോം നിർമാണം വീണ്ടും മുടങ്ങി; പരവൂർ റെയിൽവേ സ്​റ്റേഷനിൽ മണ്ണും പൊടിയും 'തിന്ന്' യാത്രക്കാർ

പരവൂർ: െറയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിർമാണം വീണ്ടും മുടങ്ങിയതോടെ മണ്ണുംപൊടിയും 'തിന്ന്' യാത്രക്കാർ വലയുന്നു. വർഷങ്ങൾക്കുമുമ്പ് ആദർശ് പരിവേഷം ലഭിച്ച റെയിൽവേ സ്റ്റേഷനാണ് ഇല്ലായ്മകളുടെ ദുർവിധിയിൽ യാത്രക്കാർക്ക് ദുരിതകേന്ദ്രമാകുന്നത്. നിലവിൽ എല്ലാ െട്രയിനുകളും നിർത്തുന്ന രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ ഏതാനുംമാസം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പലതവണ നിർത്തിവെച്ചിരുന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമി​െൻറ ഉയരംകൂട്ടി ടൈൽ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നിലച്ചത്. ഉയരം കൂട്ടുന്നതിനുവേണ്ടി ഇരുവശത്തും മണ്ണിട്ടു. നിലവിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്നതിന് മീതെയാണ് മണ്ണിട്ടത്. പൊടിമണ്ണും മൺകട്ടകളും അടങ്ങിയതായതിനാൽ യാത്രക്കാർക്ക് നടക്കാൻ ബുദ്ധിമുട്ടാണ്. കാറ്റടിക്കുമ്പോഴും ട്രെയിനുകൾ വരുമ്പോഴും പൊടി രൂക്ഷമാകുകയാണ്. മൂക്കുപൊത്താതെ പ്ലാറ്റ്ഫോമിലും പരിസരത്തും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിർത്താത്ത വണ്ടികൾ വളരെ വേഗത്തിലാണ് കടന്നുപോകുന്നത്. ഈ സമയം പ്ലാറ്റ്ഫോം മുഴുവൻ മൂടുംവിധം പൊടിക്കാറ്റാണുണ്ടാകുന്നത്. നിലവിലെ പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് തറ ഇളക്കിമാറ്റാതെ മണ്ണ് ഇട്ടതിനാലാണ് ഇത് ഉറക്കാതെ ദുരിതംവിതക്കുന്നത്. പണി ഇടക്കിടെ ആഴ്ചകളും മാസങ്ങളും നിർത്തിെവക്കുന്നതി​െൻറ കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. രാവിലെയും വൈകീട്ടും നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനിലെത്തുന്നത്. വന്നുചേരുന്നവരും പോകാനെത്തുന്നവരും കൂടുമ്പോൾ ചവിട്ടിനടക്കാൻ പോലും പ്രസാസകരമാകുന്നു. പൂർണമായും ടൈലുകൾ പാകി നവീകരിച്ച പ്ലാറ്റ് ഫോമുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനുകൾ, എല്ലാ പ്ലാറ്റ് ഫോമുകളിലും ഭോജനശാലകൾ, ആധുനിക സൗകര്യങ്ങളുള്ള റിസർവേഷൻ കൗണ്ടറുകൾ, സമ്പൂർണ വൈദ്യുതീകരണവും പ്രകാശ സംവിധാനവും സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, വിശാലമായ പാർക്കിങ് സൗകര്യം, ആധുനിക സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രങ്ങൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫ്ലൈ ഓവറി​െൻറ നവീകരണം, എല്ലാ പ്ലാറ്റ്ഫോമുകളിലും മതിയായ ഫാനുകൾ, കൂടുതൽ െട്രയിനുകൾക്ക് സ്റ്റോപ് എന്നിവ ഉടൻ ഏർപ്പെടുത്തുമെന്ന് ആദർശ് സ്റ്റേഷൻ പ്രഖ്യാപന ഘട്ടത്തിൽ പറഞ്ഞിരുന്നു. 20 വർഷം മുമ്പ് പണി പൂർത്തീകരിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഒരിക്കൽപോലും തുറന്നിട്ടില്ല. സ്ത്രീകളടക്കം പ്രാഥമികാവശ്യങ്ങൾക്ക് വലയുകയാണ്. നിലവിൽ സ്ത്രീകൾക്ക് മാത്രമാണ് വിശ്രമസ്ഥലമുള്ളത്. ദാഹജലത്തിനായി സ്ഥാപിച്ച ടാപ്പുകൾ ഒന്നിൽപോലും വെള്ളം കിട്ടുന്നില്ല. ഇരിപ്പിടമായി വർഷങ്ങൾ പഴക്കമുള്ള ചാരു ബഞ്ചുകളും ഏതാനും കോൺക്രീറ്റ് സ്ലാബുകളും മാത്രമാണ് നിലവിലുള്ളത്. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ 25 കൊല്ലം മുമ്പ് സ്ഥാപിച്ച മൂന്ന് ഫാനുകൾ മാത്രമാണ് ഇന്നുമുള്ളത്. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ ഫാൻ ഒരെണ്ണം പോലുമില്ല. സ്റ്റേഷനിലും പരിസരത്തും മതിയായ പ്രകാശമില്ലെന്ന പരാതിക്ക് വർഷങ്ങൾ പഴക്കമുണ്ട്. പ്ലാറ്റ്ഫോമുകളുടെ മിക്കഭാഗങ്ങളും ഇരുളിലാണ്. ഇതിനാൽ രാത്രികാലങ്ങളിൽ പ്ലാറ്റ്ഫോമുകളിൽ മദ്യപാനവും ലഹരി വിൽപനയും നിത്യസംഭവമാണ്. രാത്രിയിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് അത് വളരെയധികം ഭീഷണിയാവുകയാണ്. ചുറ്റുമതിൽ പലഭാഗത്തും തകർന്നുകിടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.