സൗജന്യ വിരനിർമാർജന ഗുളിക വിതരണം നാളെ

കൊല്ലം: ദേശീയ വിരവിമുക്ത ദിനമായ വ്യാഴാഴ്ച ജില്ലയിലെ ഒന്നുമുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമായി വിരനിർമാർജന ഗുളിക നൽകുമെന്ന് ആർ.സി.എച്ച് ഓഫിസർ ഡോ. കൃഷ്ണവേണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വിമലഹൃദയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മേയർ വി. രാജേന്ദബാബു നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് ജില്ലയിലെ 6,18,164 കുട്ടികൾക്ക് ഗുളിക നൽകും. ആരോഗ്യമുള്ള കുട്ടികൾ വിരബാധയില്ലാത്ത കുട്ടികൾ എന്നതാണ് ദിനാചരണ സന്ദേശം. അങ്കണവാടികൾ, പ്ലേ സ്കൂളുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ എന്നിവിടങ്ങളിലാണ് വിതരണം. വീട് വഴി വിതരണം ചെയ്യില്ല. ഗുളിക ഭക്ഷണത്തിന് ശേഷം ചവച്ചരച്ചാണ് കഴിക്കേണ്ടത്. രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് ഗുളിക പൊടിച്ചുനൽകണം. ഗുളികകൾക്ക് ഒരുവിധ പാർശ്വഫലങ്ങളില്ലെന്നും എട്ടിന് ഗുളിക കഴിക്കാൻ സാധിക്കാത്തവർക്കായി 15ന് ഗുളികകൾ സ്കൂളുകൾ വഴി ലഭ്യമാക്കും. ജില്ല മെഡിക്കൽ ഒാഫിസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്്. ഫോൺ-: 8943341430. ജില്ല പ്രോഗ്രാം മാനേജർ ഡോ. ഹരികുമാർ, റമിയ ബീഗം, എം.എസ്. അന്നമ്മ, എൽ. ലളിതാഭായി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.