വേനൽ കനത്തു; കിഴക്കൻ മേഖല ചുട്ടുപൊള്ളുന്നു

പത്തനാപുരം: വേനൽ ശക്തിപ്രാപിച്ചതോടെ മലയോരമേഖല ചുട്ടുപൊള്ളുന്നു. ഈ വർഷത്തെ ഉയർന്ന ചൂടാണ് ഒരാഴ്ചയായി മേഖലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടി​െൻറ ആധിക്യം ഇത്തവണ അതേദിശയിലേക്ക് നീങ്ങുകയാണ്. താപനില ഉയരുന്നതോടെ കാർഷികമേഖലയിലെ നഷ്ടവും കനക്കുന്നു. കനാലുകൾ വഴി കൃഷിക്കാവശ്യമായ ജലമെത്തിക്കാനുണ്ടായ കാലതാമസവും നഷ്ടത്തി​െൻറ വ്യാപ്തി വർധിപ്പിച്ചു. പലർക്കും ദേഹാസ്വാസ്ഥ്യവും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനാപുരം സ്വദേശിയായ മധ്യവയസ്കന് സൂര്യാതപത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഉച്ചയിലെ വെയിൽ ഏൽക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വേനൽ ചൂട് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. ചൂടിൽ ശരീരത്തിൽനിന്ന് ജലനഷ്ടമുണ്ടാകാൻ ഇടയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം. വെയിൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽനിന്ന് ജോലിചെയ്യാൻ പാടില്ല. രാവിലെ 11ക്കും വൈകീട്ട് മൂന്നിനുമിടയിൽ കാഠിന്യം കൂടുതലായതിനാൽ അധികം സമയം വെയിൽകൊള്ളാൻ പാടില്ലെന്നും ആരോഗ്യസംഘം നിർദേശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.