കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ ഉണ്ടാക്കാൻ കഴിയില്ല- ^മുഖ്യമന്ത്രി

കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ ഉണ്ടാക്കാൻ കഴിയില്ല- -മുഖ്യമന്ത്രി തിരുവനന്തപുരം: നവ ഉദാരീകരണത്തി​െൻറ വക്താക്കളായ കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ ഉണ്ടാക്കാൻ സി.പി.എമ്മിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തി​െൻറ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയും ഫെഡറലിസവും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രക്ഷോഭം ഉണ്ടായേ തീരൂ. അതിനു കഴിവുള്ളവരുമായി യോജിക്കണമെന്നുതന്നെയാണ് പാർട്ടിയുടെ നിലപാട്. എന്നാൽ, നയപരമായി യോജിക്കാവുന്നവരുമായേ അത്തരമൊരു രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ കഴിയൂ. രാജ്യത്തി​െൻറ ഇന്നത്തെ അവസ്ഥക്ക് കാരണം നവ ഉദാരീകരണ നയമാണ്. പക്ഷേ, ഇൗ നയത്തെ കൂട്ടുപിടിച്ചവർക്ക് അവയെ എതിർക്കാനോ തള്ളാനോ കഴിയില്ല. കോൺഗ്രസ് കൈക്കൊണ്ട നവ ഉദാരീകരണ നയങ്ങളാണ് മോദി സർക്കാർ പിന്തുടരുന്നത്. അതുകൊണ്ട് കോൺഗ്രസുമായി ഒരു സഖ്യവും ഉണ്ടാകില്ല. നവ ഉദാരീകരണ നയത്തെ എതിർക്കാൻ കെൽപുള്ള പാർട്ടികൾ രാജ്യത്തുണ്ട്. അത്തരം പാർട്ടികളെയും ശക്തികളെയും അണിനിരത്തണം. ഇതാണ് സി.പി.എം മുന്നേട്ടുവെക്കുന്ന രാഷ്ട്രീയ ബദലെന്നും പിണറായി വിജയൻ പറഞ്ഞു. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ വെടിയുണ്ടകൾ കൊണ്ട് നിശ്ശബ്ദനാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ലവ് ജിഹാദി​െൻറ പേരിൽ രാജസ്ഥാനിൽ മുസ്ലിം യുവാവിനെ ചുട്ടുകൊന്നശേഷം വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കൊലയാളിക്കു വേണ്ടിയും സംസാരിക്കാൻ ആളുണ്ടായി. എത്ര ഭയാനകമായ രീതിയിലാണ് രാജ്യത്ത് ചേരിതിരിവുണ്ടാകുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ജി.എസ്.ടിയും നോട്ട് നിരോധനവും മൂലം രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എത്ര വേട്ടയാടിയാലും വർഗീയശക്തികളുടെ കാൽക്കീഴിൽ ചെങ്കൊടികൊണ്ടുവെക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, ഇ.പി. ജയരാജൻ, ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ വി. ശിവൻകുട്ടി സ്വാഗതവും ജില്ല കമ്മിറ്റി അംഗം ബി.പി. മുരളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.