സപ്ലൈകോയിൽ പി.എസ്.സി ലിസ്റ്റിൽനിന്ന് നിയമനം നടത്തണം -എ.ഐ.ടി.യു.സി കൊല്ലം: സപ്ലൈകോയിൽ നിലനിൽക്കുന്ന ഡെപ്യൂട്ടേഷൻ സമ്പ്രദായം അവസാനിപ്പിച്ച് ജീവനക്കാർക്ക് പ്രമോഷൻ നൽകിയും അസി. സെയിൽസ്മാൻ തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ നിയമിക്കാനും നടപടിയെടുക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് അസോ. ജനറൽ സെക്രട്ടറി പൗഢിക്കോണം അശോകൻ, പ്രസിഡൻറ് പി. രാജു എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു. സപ്ലൈകോയിലേക്ക് സിവിൽ സപ്ലൈസ് വകുപ്പിൽനിന്ന് 1259 തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നടത്തുകയാണ്. റേഷൻ വാതിൽപടി വിതരണവുമായി ബന്ധപ്പെട്ട് 42 തസ്തികകൾകൂടി അനുവദിച്ചിരുന്നു. ഈ തസ്തികകളിലേക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ സപ്ലൈകോ ജീവനക്കാർക്ക് പ്രമോഷൻ നൽകാം. അങ്ങനെയാകുമ്പോൾ അസി. സെയിൽസ്മാൻ തസ്തികകളിലേക്ക് ഒഴിവുകൾ സൃഷ്ടിക്കപ്പെടുകയും നിലവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുകയും ചെയ്യും. ഡെപ്യൂട്ടേഷൻ നിയമനംമൂലം 40 കോടിയിൽപരം രൂപയുടെ അധികബാധ്യത സപ്ലൈകോക്ക് ഉണ്ടാകുന്നു. ഡെപ്യൂട്ടേഷനിൽ വരുന്ന ജീവനക്കാരുടെ പെൻഷൻ വിഹിതം സപ്ലൈകോയാണ് നൽകുന്നത്. നിലവിലുള്ള ഇ.പി.എഫ് പെൻഷൻ സമ്പ്രദായം തുടരണമെന്നും അല്ലെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അസോ. ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.