ഇരവിപുരം: മുണ്ടയ്ക്കൽ കോയിപ്പുറത്ത് അമൃതുകുളം കോളനിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ നഷ്ടമായത് മൂന്ന് കുടുംബങ്ങളുടെ വർഷങ്ങളായുള്ള സമ്പാദ്യം. ഉടുതുണിയല്ലാതെ മറ്റൊന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഈ കുടുംബങ്ങൾക്കുള്ളത്. കൃഷ്ണൻ, സഹോദരി മാടത്തി, വൃദ്ധയായ സാവിത്രി എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി കത്തിയമർന്നത്. കൃഷ്ണെൻറ മകൾ ഗായത്രിയുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും 50,000 രൂപയും മകൻ മഹി കൃഷ്ണെൻറ സർട്ടിഫിക്കറ്റുകളും വീട്ടുസാധനങ്ങളും കമ്പ്യൂട്ടറും ടി.വിയുമൊക്കെ നശിച്ചു. കൃഷ്ണനും കുടുംബവും കോട്ടയത്ത് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോൾ കൃഷ്ണെൻറ വീട് നിന്നിരുന്ന സ്ഥലത്ത് ചാരവും കത്തിക്കരിഞ്ഞ ഇരുമ്പുകഷണങ്ങളും മാത്രമായിരുന്നു. കൃഷ്ണെൻറ വീടിനോട് ചേർന്നായിരുന്നു സഹോദരി മാടത്തിയുടെ വീട്. മാടത്തിയും കുടുംബവും സാധനങ്ങൾ വാങ്ങുന്നതിനായി ടൗണിൽ പോയിരുന്ന സമയത്തായിരുന്നു തീ പിടിത്തം. ഇവിടെയും വീട്ടിലുണ്ടായിരുന്നതെല്ലാം കത്തിപ്പോയി. മകൻ മുരുകെൻറ ഭാര്യ ഈശ്വരിയുടെയും കുട്ടികളുടെയും സ്വർണവും 10,000 രൂപയും ഗൃഹോപകരണങ്ങളും നശിച്ചു. അടുത്തുള്ള വീട്ടിൽ തീപിടിക്കുന്നതുകണ്ട് വൃദ്ധയായ സാവിത്രിയെ ചെറുമകൻ ഗോകുൽ വീടിന് പുറത്തെത്തിച്ചതിനാൽ രക്ഷപ്പെട്ടു. വീട് പുനർനിർമിക്കുന്നതിനായി ഇവർ സൂക്ഷിച്ചിരുന്ന 50,000 രൂപയും സ്വർണവും ഗോകുലിെൻറ സർട്ടിഫിക്കറ്റുകളും കത്തിപ്പോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ മൂന്ന് കുടുംബങ്ങളിൽനിന്നുള്ള 13 പേർ മുണ്ടക്കൽ അമൃതുകുളം സ്കൂളിൽ കഴിയുകയാണ്. ഇവരുടെ റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക്, ഗ്യാസ് ബുക്ക്, കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി വീടുകളിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും അഗ്നിവിഴുങ്ങി. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഇവർക്ക് സാന്ത്വനവുമായി നിരവധിപേർ എത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പറയുന്നതെങ്കിലും ഗ്യാസ് പൊട്ടിത്തെറിച്ചാണോ തീപിടിച്ചതെന്ന സംശയവുമുണ്ട്. സംഭവം നടന്നയുടൻ തന്നെ കലക്ടർ, എം.എൽ.എ, എം.പി എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇവർക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനായി കൗൺസിലറുടെ നേതൃത്വത്തിൽ സമിതി രൂപത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.