ദേശീയപാത: പുനലൂർ-ചെങ്കോട്ട എം.എസ്.എല്ലിലൂടെ ബസ് സർവിസ് പുനരാരംഭിച്ചു

പുനലൂർ: കനത്തമഴയും പാതയുടെ തകർച്ചയും കണക്കിലെടുത്ത് ഒമ്പത് ദിവസമായി സർവിസ് നിർത്തിവെച്ചിരുന്ന പുനലൂർ-ചെങ്കോട്ട ദേശീയപാതയിൽ വീണ്ടും ബസ് ഒാടിത്തുടങ്ങി. പാതയിൽ തെന്മല എം.എസ്.എല്ലിൽ ഉണ്ടായ തകർച്ചയും മരംവീണും മലയിടിച്ചിലിനെ തുടർന്നുള്ള അപകടഭീഷണിയും കണക്കിലെടുത്ത് 15 മുതലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. ആറുദിവസം ഈ പാതയിൽ എം.എസ്.എല്ലിലൂടെ എല്ലാ വാഹനങ്ങളും നിയന്ത്രിച്ചത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ അത്യാവശ്യ അറ്റകുറ്റപ്പണിക്കുശേഷം ബുധനാഴ്ച മുതൽ ചെറിയവാഹനങ്ങൾ കടത്തിവിട്ടെങ്കിലും ബസുകളടക്കം വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. പാതയുടെ വശത്ത് ആറ്റുതീരത്തോട് ചേർന്ന് മണൽചാക്ക് അടുക്കിയതും കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ചതും കണക്കിലെടുത്താണ് കലക്ടറുടെ ഉത്തരവ് അനുസരിച്ച് വെള്ളിയാഴ്ച മുതൽ ബസുകളടക്കം കടത്തിവിട്ടുതുടങ്ങിയത്. എന്നാൽ, ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം മാറ്റിയിട്ടില്ല. പാതയുടെ വശം താൽക്കാലികമാ‍യി ബലപ്പെടുത്തുന്നത് തുടരുന്നുണ്ട്. സ്ഥിരമായി ബലപ്പെടുത്താനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്. കൂടാതെ ഇവിടെ റെയിൽവേ ഭൂമിയിലെ പാറ പൊട്ടിച്ചുമാറ്റി ദേശീയപാതക്ക് വീതി കൂട്ടാനുള്ള നീക്കവുമുണ്ട്. പുനലൂർ-ചെങ്കോട്ട റെയിൽപാതയിലെ തടസ്സംനീക്കൽ പൂർത്തിയാകുന്നു; സർവിസ് ഉടൻ തുടങ്ങിയേക്കും പുനലൂർ: കനത്തമഴയും മലയിടിച്ചിലും കാരണം പുനലൂർ-ചെങ്കോട്ട റെയിൽപാതയിലുണ്ടായ നാശത്തിന് പരിഹാരമാകുന്നു. അടുത്തദിവസങ്ങളിൽ സർവിസ് പുനരാരംഭിച്ചേക്കും. അതേസമയം, പുനലൂർ-കൊല്ലം പാതയിൽ സർവിസുകൾ വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. പാതയിൽ തെന്മലക്കും കോട്ടവാസലിനുമിടയിൽ നാലിടങ്ങളിൽ മലയിടിഞ്ഞ് പാളത്തിലേക്ക് വീണതിനെ തുടർന്ന് 15 മുതലാണ് ട്രെയിൻ സർവിസ് നിർത്തിയത്. അന്നുമുതൽ ചെങ്കോട്ട സെക്ഷ​െൻറ നേതൃത്വത്തിൽ മണ്ണും പാറയും നീക്കി പാളം ഗതാഗതയോഗ്യമാക്കാനുള്ള പണി തുടങ്ങി. ഏറ്റവും കൂടുതൽ നാശമുണ്ടായ തെന്മല മൂന്നു കണ്ണറപാലത്തിനടുത്ത് ഉൾപ്പെടെ പാളത്തിലേക്ക് വീണ പാറകൾ വ്യാഴാഴ്ചയോടെ പൂർണമായി നീക്കി. ശേഷിക്കുന്ന മണ്ണും മറ്റും വെള്ളിയാഴ്ചയോടെ നീക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എങ്ങും പാളത്തിന് കാര്യമായ കേടുപാട് ഉണ്ടാകാത്തതിനാൽ പാളം മാറ്റേണ്ടിവരാത്തത് സർവിസ് ഉടൻ പുനരാരംഭിക്കുന്നതിന് സഹായകമായി. അടുത്തദിവസങ്ങളിൽ കൊല്ലം-ചെങ്കോട്ട പാതയിൽ എല്ലാ സർവിസും പുനരാരംഭിക്കാൻ കഴിയുമെന്നും അധികൃതർ സൂചിപ്പിച്ചു. ഇതോടൊപ്പം പാളങ്ങളുടെ വശത്ത് പലയിടത്തും അപകടനിലയിലുള്ള പാറകൾ പൊട്ടിച്ചുമാറ്റാനും മരങ്ങൾ മുറിച്ചുമാറ്റാനും നടപടിയും ഉണ്ടാകും. അതേസമയം, പുനലൂരിൽ യാത്ര അവസാനിക്കുന്ന കൊല്ലം പാസഞ്ചറുകൾ, മധുര, കന്യാകുമാരി ട്രെയിനുകൾ ഇന്നലെ മുതൽ സർവിസ് തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.