തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ 4000 പേരുടെ സന്നദ്ധസംഘങ്ങൾ ഒരുങ്ങുന്നു. ജില്ലയിലെ ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും നിന്നുള്ള സന്നദ്ധസംഘം ചെങ്ങന്നൂർ മേഖല കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനം നടത്തും. ശനിയാഴ്ച മുതൽ ഈമാസം 30 വരെ ശുചീകരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു. മൺവെട്ടി, പിക്കാസ്, വെട്ടുകത്തി, ജനറേറ്റർ, പവർ സ്‌പ്രേ, പമ്പ്, ശുചീകരണ വസ്തുക്കൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയുമായി പോകുന്ന സംഘം രണ്ടുദിവസം അവിടെ തങ്ങിയാകും പ്രവർത്തനങ്ങൾ നടത്തുക. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയവരും സംഘത്തിലുണ്ടാകും. ഇവർക്കുള്ള പ്രതിരോധ കുത്തിവെപ്പിനും മറ്റ് ആരോഗ്യ സുരക്ഷാകാര്യങ്ങൾക്കും ജില്ല മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനി 103 പേർ തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനി ശേഷിക്കുന്നത് 103 പേർ. മഴ മാറിയതോടെ മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങിപ്പോയി. ഇനിയും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന മേഖലകളിൽ വെള്ളക്കെട്ട് നിവാരണം ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ കള്ളിയൂർ വില്ലേജിലെ എം.എൻ എൽ.പി സ്‌കൂളിലെ ക്യാമ്പ് മാത്രമാണ് ഇനിയുള്ളത്. 29 കുടുംബങ്ങളിലെ 82 പേർ ഇവിടെ താമസിക്കുന്നുണ്ട്. നെടുമങ്ങാട് താലൂക്കിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 21 പേരും കഴിയുന്നു. കരിപ്പൂർ, ആനാട്, നെടുമങ്ങാട് വില്ലേജുകളിലായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.