കൊല്ലത്ത് ഗതാഗതം പൂർവ സ്ഥിതിയിലേക്ക്

കൊല്ലം: കനത്ത മഴയുടെ പിടിവിട്ടതോടെ ജില്ലയിൽ ജനജീവിതവും ഗതാഗത സംവി‍ധാനങ്ങളും സാധാരണ സ്ഥിതിയിലേക്ക്. കൊല്ലത്തുനിന്ന് എല്ലായിടത്തേക്കും റോഡ്, റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചുവരുകയാണ്. മിക്ക സ്ഥലങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി. കൊല്ലം ഡിപ്പോയിൽനിന്ന് നാല് ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ തെന്മലയിലേക്കും തിരിച്ചും സർവിസ് നടത്തി. റോഡ് തകർന്ന് ഒറ്റപ്പെട്ട തെന്മല എം.എസ്.എല്ലിലേക്ക് പുനലൂർ ഡിപ്പോയിൽനിന്നും ട്രെയിൻ ഗതാഗതം നിലച്ച ചെങ്കോട്ടയിലേക്ക് ആര്യങ്കാവ് ഡിപ്പോയിൽനിന്നും നാല് സർവിസുകൾ വീതം നടത്തി. പത്തനംതിട്ട ജില്ലയിൽ പ്രളയം കനത്തതോടെ റദ്ദാക്കിയ കൊല്ലം- പത്തനംതിട്ട ചെയിൻ സർവിസുകളും പുനരാരംഭിച്ചു. 20 മിനിറ്റ് ഇടവേള ക്രമീകരിച്ച് കൊല്ലം-കുളത്തൂപ്പുഴ, കൊല്ലം-ചെങ്ങന്നൂർ, കൊല്ലം-പത്തനംതിട്ട ചെയിൻ സർവിസുകൾ ഓടുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് സൂപ്പർ ഫാസ്റ്റ് ഉൾെപ്പടെയുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ കൊല്ലം ഡിപ്പോ വഴി കടന്നുപോകുന്നുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ എത്തുന്നുണ്ട്. സ്വകാര്യ ബസുകൾ ടൗൺ സർവിസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയോര പ്രദേശങ്ങളിലേക്കടക്കമുള്ള സ്വകാര്യ ബസുകളുടെ സർവിസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട കൊല്ലം-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിലെ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. പുനലൂരിലും ചെങ്കോട്ടക്കുമിടയിലാണ് പാതയിൽ വ്യാപകനാശം ഉണ്ടായത്. മലയിടിച്ചിലിനെ തുടര്‍ന്ന് തെന്മല-ചെങ്കോട്ട പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനത്തിന് ഇളവ് നല്‍കിയതായി കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ദേശീയപാതാ വിഭാഗത്തി​െൻറ പരിശോധനയുടെ പശ്ചാത്തലത്തിൽ ഭാഗിക ഗതാഗതത്തിന് അനുമതി നല്‍കി. രാവിലെ ആറിനും വൈകീട്ട് ആറിനും മധ്യേ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ക്ക് പുനലൂര്‍ മുതല്‍ എം.എസ്.എല്‍ വരെയും എതിര്‍ദിശയില്‍ എം.എസ്. എല്‍ മുതല്‍ ചെങ്കോട്ട വരെയും സര്‍വിസ് നടത്താനാണ് അനുമതി നല്‍കിയത്. പ്രളയക്കെടുതി ബാധിച്ച മറ്റു ജില്ലകളെ അപേക്ഷിച്ച് ഞായറാഴ്ച കൊല്ലം ജില്ലയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.