ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ പ്രവാഹം

പത്തനംതിട്ട: അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍നിന്ന് സഹായം പ്രവഹിക്കുന്നു. കലക്ടറേറ്റ്, ആറ് താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തുന്നത്. ഇവ അപ്പപ്പോള്‍ തന്നെ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തിൽ ക്യാമ്പുകളിലേക്ക് എത്തിക്കാൻ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കലക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ച് ട്രക്കുകളിലായി ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ചു. തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തി​െൻറ ചുമതലയിൽ മൂന്ന് ട്രക്ക് സാധനങ്ങളും ഒരു ട്രക്കില്‍ കുടിവെള്ളവും എത്തിച്ചു. ബി.എസ്.എഫ് ഒരു ട്രക്കും മഴക്കെടുതി ദുരിതാശ്വാസ സ്പെഷൽ ഓഫിസറായ രാജമാണിക്യവും നിശാന്തിനി െഎ.പി.എസും ചേർന്ന് ഓരോ ട്രക്ക് വീതം സാധനങ്ങളും എത്തിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 7500 ഭക്ഷണപ്പൊതികള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബല്‍ സോഫ്റ്റ്വെയറിലെ ജീവനക്കാര്‍ സമാഹരിച്ച ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, തുണി, കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസം രാത്രി 12ഒാടെ കലക്ടറേറ്റില്‍ എത്തി. കലക്ടര്‍ പി.ബി. നൂഹ് ഏറ്റുവാങ്ങി. ജില്ലയില്‍ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങുന്നതിന് കൂടുതല്‍ ദിവസം വേണ്ടിവരും. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും കൂടുതല്‍ സാധനങ്ങള്‍ ആവശ്യമായി വരും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും അവശ്യസാധനങ്ങള്‍ വരുംദിവസങ്ങളിലും എത്തിക്കണമെന്ന് കലക്ടർ അഭ്യര്‍ഥിച്ചു. തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെ കലക്ടര്‍ പി.ബി. നൂഹ് സസ്‌പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ, ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പി​െൻറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയോ ചെയ്യാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷൻ. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിെവക്കാന്‍ ഉത്തരവ് പത്തനംതിട്ട: ജില്ലയിലെ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.