കരകവിയുന്ന പള്ളിക്കലാറും കല്ലടയാറും കുന്നത്തൂരിൽ വ്യാപകനാശം വിതയ്​ക്കുന്നു

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കി​െൻറ അതിർത്തികളിലൂടെ ഒഴുകുന്ന കല്ലടയാറും പള്ളിക്കലാറും കരകവിഞ്ഞതോടെ താലൂക്കിൽ വ്യാപക നാശനഷ്ടം. പോരുവഴി പടിഞ്ഞാറെകല്ലട, ശൂരനാട് വടക്ക്, കുന്നത്തൂർ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 104 കുടുംബങ്ങളിൽപെട്ട ആയിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ഇവരുടെയെല്ലാം വീടുകൾ ആറുകൾ തിങ്ങിയൊഴുകി വെള്ളംകയറിയ നിലയിലാണ്. കല്ലടയാറി​െൻറ തീരത്തുള്ള പെരുവേലിക്കര ബണ്ട് കഴിഞ്ഞരാത്രി തകർന്നുവീണു. െതക്കേമുറി ഹൈസ്കൂൾ കവലയ്ക്ക് തെക്കുവശം 66 കെ.വി വൈദ്യുതി ലൈൻ ശക്തമായ കാറ്റിൽ പൊട്ടിവീണതോടെ മേഖലയിലെ വൈദ്യുതിബന്ധം ആകെ തടസ്സപ്പെട്ടു. കല്ലടയാറി​െൻറയും പള്ളിക്കലാറി​െൻറയും തീരത്തുള്ള ഏല്ലാ ഏലകളും മുങ്ങിയിരിക്കുകയാണ്. മൂപ്പെത്തിയ ഹെക്ടർ കണക്കിന് നെൽകൃഷി നശിച്ചു. ആയിരക്കണക്കിന് ഏത്തവാഴകൾ നിലംപൊത്തി. പലയിടത്തും വാഴകൾ കുലയോടെ ഒഴുക്കിൽപെട്ടു. പോരുവഴി പഞ്ചായത്തിലെ മലനട ദലിത് കോളനി പൂർണമായും വെള്ളത്തിനടിയിലായി. താലൂക്കിൽ ആകെ ആറ് വീടുകൾ തകർന്നിട്ടുണ്ട്. ദുരന്തനിവാരണത്തിന് കുന്നത്തൂർ താലൂക്ക് ഒാഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ: 0476 2830245. ഇത്തിക്കരയാറ്റിൽ ജലനിരപ്പുയർന്നു; നിരവധി വീടുകൾ തകർന്നു ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ ജലനിരപ്പുയർന്നതോടെ തീരപ്രദേശങ്ങളായ കോയിപ്പാട്, കുമ്മല്ലൂർ, മാമ്പള്ളികുന്നം തോട്ടവാരം, ഇത്തിക്കര തോട്ടാരം, മീനാട് പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് നൂറ്റി ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയംതേടി. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ചാത്തന്നൂർ കോയിപ്പാട് ഗവ. എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 20ഓളം കുടുംബങ്ങളാണുള്ളത്. മാമ്പള്ളികുന്നം തോട്ടവാരം, ആനാംചാൽ എന്നിവിടങ്ങളിലെ താമസക്കാരാണിവർ. ഇത്തിക്കര തോട്ടവാരത്തെ നാല് വീടുകളിൽ വെള്ളംകയറി. മീനാട് ചെമ്പുവയൽഭാഗത്തെ ഇരുപതോളം വീടുകളിൽ വെള്ളംകയറി. തോരാതെപെയ്യുന്ന ശക്തമായ മഴയിലും കാറ്റിലുംപെട്ട് നാൽപതോളം വീടുകൾ ഭാഗികമായി തകർന്നു. മരംവീണും കാറ്റിൽ മേൽക്കൂര പറന്നുപോയും മണ്ണിടിഞ്ഞ് വീണ്ടും വെള്ളം കയറിയുമാണ് വീടുകൾ തകർന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ഇത്തിക്കര വളവിൽ സൗദത്ത് ബീവി, അബ്ദുൽ ബരിയ, ഷാഹിദ, സജീന, സന്ധ്യ, ബേബി എന്നിവരുടെ വീടുകളുടെ ഓടിട്ടതും ഷീറ്റ് മേഞ്ഞതുമായ മേൽക്കൂരകൾ പറന്നുപോയി. മരംവീണ് ചാത്തന്നൂർ താഴം വൈശാഖിൽ സുകുമാരൻ, മഞ്ചാടിയിൽ വീട്ടിൽ ശ്യാമള അമ്മ, മീനാട് പള്ളി തെക്കതിൽ റഹിയ, കളിയാക്കുളം തടവിള പുത്തൻവീട്ടിൽ സക്കിർ, ചിറക്കര ശാസ്ത്രിമുക്ക് വാമദേവ സദനത്തിൽ അനുപമ, വിലവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ സുമ, ശ്യാം വിലാസിൽ ഉഷ എന്നിവരുടെ വീടുകളാണ് തകർന്നത്. ആദിച്ചനല്ലൂർ ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇതുവരെ 98 കുടുംബങ്ങളുണ്ട്. തൊണ്ണൂറോളം കുട്ടികളടക്കം 350ഓളം പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. മുക്കംതോട്, നിലമേൽ ഏല, മാമ്പഴത്ത് തോട്ടത്തിൽ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇവിടത്തെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. മൈലക്കാട് ഗവ. എൽ.പി.എസിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ ഏഴ് കുടുംബങ്ങളാണുള്ളത്. മൈലക്കാട് മൂഴിയിൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്നാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. ചാത്തന്നൂരിൽ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും പെട്ട് വീടുകളുടെ മുകളിലേക്ക് മരം കടപുഴകി. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ഒഴുകുപാറ പോളച്ചിറ അനിൽഭവനിൽ അനിൽകുമാറി​െൻറ വീടിന് മുകളിലേക്ക് തൊട്ടടുത്ത പുരയിടത്തിലെ മരമാണ് കടപുഴകിയത്. വീടിനുള്ളിൽ നിന്ന ഭാര്യ സിന്ധു മരം കടപുഴകി വീഴുന്നത് കണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടിയത് കണ്ട് മക്കൾ അനന്തുവും അശ്വതിയും പുറകെ ഓടി വീടിന് പുറത്തിറങ്ങിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇത്തിക്കര കല്ലുവിളവീട്ടിൽ രവീന്ദ്രൻപിള്ളയുടെ വീടിന് മുകളിലേക്ക് വൻ മരം കടപുഴകിയതും കഴിഞ്ഞദിവസം രാത്രിയാണ്. വീട്ടുകാർ ശബ്ദംകേട്ട് പുറത്തേക്കിറങ്ങിയതിനാൽ രക്ഷപ്പെട്ടു. നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിന് സമീപം റീജയുടെ വീടി​െൻറ അടുക്കളഭാഗം ശക്തമായ മഴയിൽ പൂർണമായും ഇടിഞ്ഞുവീണു. ഓടിട്ട വീടി​െൻറ മറ്റ് മുറികളിലും വിള്ളൽ വീണിരിക്കുകയാണ്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. (ചിത്രം) കടയ്ക്കൽ: മടത്തറ ഭാഗത്താണ് പ്രളയക്കെടുതി തുടരുന്നത്. ശംഖിലി വനത്തിൽ നിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് അന്തർ സംസ്ഥാന പാതയിലെ താഴ്ന്നപ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. കുളത്തൂപ്പുഴയിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മഴയെ തുടർന്ന് ചിതറ പഞ്ചായത്തിലെ ഭജനമഠം ചിത്രവിലാസത്തില്‍ കിഷോറി​െൻറ വീട് നിലംപൊത്തി. മഴയുടെ ശക്തി കുറഞ്ഞതിനാൽ വെള്ളംകയറിയ പ്രദേശങ്ങൾ പഴയപടിയായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിേലക്കും ക്യാമ്പുകളിലേക്കുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്കൽ മേഖലയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോയി. മേഖലയിൽനിന്ന് റവന്യൂ അധികൃതരും ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക താമസസൗകര്യം നൽകാൻ തയാറായി മേഖലയിലെ വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.