കാട്ടാക്കട: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ തെക്കന്‍ മലയോരമേഖലയില്‍ കനത്ത നാശം. നെയ്യാറും കരമനയാറും നിറഞ്ഞൊഴുകുന്നു. നെയ്യാര്‍ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പുലര്‍ച്ച ഡാമിെൻറ സ്പില്‍വേ ഷട്ടറുകള്‍ 12 അടി ഉയര്‍ത്തി. ഇതോടെ നെയ്യാറിെൻറ തീരങ്ങളിലെല്ലാം വെള്ളം കയറി. നിരവധി വീടുകൾ മുങ്ങി. പലറോഡുകളും വെള്ളം നിറഞ്ഞതിനാല്‍ ഗതാഗതം നിലച്ചു. കനത്ത മഴയിലും കാറ്റിലും കാട്ടാക്കട താലൂക്കിലാകെ 269 വീടുകൾക്ക് നാശം നേരിട്ടു. 208 കുടുംബങ്ങളിലെ 675 പേരെ 12 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പലേടത്തും വൈദ്യുതിയും മുടങ്ങി. കാട്ടാക്കട- നെയ്യാർഡാം റോഡിലും ആമച്ചൽ- മഠത്തിക്കോണം റോഡിലും ഗതാഗതം നിലച്ചു. റോഡിനിരുവശവുമുള്ള കെട്ടിടങ്ങളിലും വീടുകളിലും വെള്ളം കയറി. നെയ്യാർഡാമിലെ ഫിഷറീസിെൻറ മത്സ്യക്കുഞ്ഞ് ഉൽപാദനകേന്ദ്രവും വെള്ളത്തിൽ മുങ്ങി. മത്സ്യക്കുഞ്ഞുങ്ങളാകെ ഒഴുകിപ്പോയി. അഗസ്ത്യവനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടാകാൻ കാരണമെന്നും ഷട്ടറുകൾ ബുധനാഴ്ച പുലർച്ചയോടെ 12 അടിയായി ഉയർത്തേണ്ടി വെന്നന്നും ഇറിഗേഷൻ അധികൃതർ പറഞ്ഞു. മഴ കുറഞ്ഞതോടെ ഷട്ടറുകൾ നാലടിയാക്കി കുറച്ചിട്ടുണ്ട്. 84.750 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 83.900 മീറ്ററാണിപ്പോഴത്തെ ജലനിരപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ വിവിധ പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. നെയ്യാറിലെ ജലനിരപ്പ് ഉയർന്ന് വീടുകളിലേക്ക് വെള്ളം കയറിയതോടെയാണ് ബുധനാഴ്ച പുലർച്ച മുതൽ വിവിധ സ്‌കൂളുകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റിയത്. അമ്പൂരി സെൻറ് ജോർജ് ഹൈസ്‌കൂൾ, നെയ്യാർഡാം സ്‌കൂൾ, കള്ളിക്കാട് ചാമവിളപ്പുറം, ആടുവള്ളി സ്‌കൂളുകൾ, ആര്യങ്കോട് മൈലച്ചൽ എൽ.പി സ്‌കൂൾ, കാട്ടാക്കട കുച്ചപ്പുറം, കുരുതംകോട് സ്‌കൂളുകൾ, പൂവച്ചലിലെ വീരണകാവ് സ്‌കൂൾ, ഒറ്റശഖരമംഗലത്തെ പൂഴനാട് സ്‌കൂൾ, മാറനല്ലൂർ പുന്നാവൂർ സ്‌കൂൾ, വിളവൂർക്കൽ സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിഞ്ഞും വെള്ളം കയറിയുമാണ് വീടുകൾക്ക് നാശമുണ്ടായത്. വിളവൂർക്കലിൽ ഒന്നും ഒറ്റശേഖരമംഗലത്ത് മൂന്നും വീടുകൾ പൂർണമായും തകർന്നു. ഇവിടങ്ങളിലെല്ലാം വ്യാപകമായ കൃഷി നാശവുമുണ്ട്. കൂടാതെ കാറ്റത്ത് മരം വീണ് വൈദ്യുതി തൂണുകൾക്കും ട്രാൻസ്ഫോർമറുകൾക്കും നാശമുണ്ട്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർണമല്ലെന്നും വ്യാഴാഴ്ച വരെയുള്ള റവന്യൂ അധികൃതരുടെ കണക്കാണിതെന്നും കാട്ടാക്കട തഹസിൽദാർ കെ.പി. ജയകുമാർ പറഞ്ഞു. കാട്ടാക്കട താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. നെയ്യാര്‍ഡാമില്‍ അസി. എൻജിനീയര്‍ വിനോദ് മൂന്ന് ദിവസമായി രാത്രിയില്‍ ഉള്‍പ്പെടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.