കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ

ആറ്റിങ്ങല്‍: തുടര്‍ച്ചയായ മഴയില്‍ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും താഴ്ന്ന ഭാഗങ്ങളിലെ റോഡുകള്‍ വെള്ളക്കെട്ടായി. അടുത്ത കാലത്ത് റീടാര്‍ ചെയ്ത റോഡുകളും തകര്‍ച്ചാഭീഷണിയിലാണ്. പലയിടത്തും ടാറിളകി ചളിക്കെട്ടുകളായി മാറിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കരിച്ചയില്‍ നിന്ന് ടി.ബി.ജങ്ഷനിലേക്ക് പോകുന്ന റോഡില്‍ മുഞ്ഞിനാടിനടുത്തായി വന്‍ ചളിക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ഗതാഗതക്കുരുക്കുള്ളപ്പോള്‍ ചെറുവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുവന്ന് ബി.എച്ച്.എസ്.എസ് ജങ്ഷനിലെത്തി മൂന്നുമുക്കിലേക്ക് തിരക്കില്ലാതെ പോകാനുള്ള എളുപ്പവഴിയായിരുന്നു. ഇതറിയാതെ എത്തുന്ന വാഹനങ്ങള്‍ ചളിയില്‍ കുടുങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ ചെടിക്കമ്പുകള്‍ ഒടിച്ച് കുത്തി അപകടസൂചന നൽകിയിരിക്കുകയാണ്. മഴ പൂർണമായും മാറിയാലേ ഇവിടെ പുനര്‍നിർമാണമോ അറ്റകുറ്റപ്പണികളോ ചെയ്യാൻ കഴിയൂ. അതേസമയം, നഗരത്തിലെ ഇടറോഡുകളെല്ലാം വീതി കുറഞ്ഞവയായതിനാൽ റോഡരികില്‍ ഓട നിർമിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ട്. മഴപെയ്താല്‍ സമീപത്തെ പറമ്പുകളില്‍നിന്നുള്ള വെള്ളവും റോഡിലേക്കൊഴുകിയെത്തും. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിൽക്കുന്നതോടെ അടിയിലെ മണ്ണ് ദുര്‍ബലമായി ടാറിളകി റോഡ് ചളിക്കെട്ടായി മാറും. റോഡി​െൻറ തകര്‍ച്ച പരിഹരിക്കുന്നതി​െൻറ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ ഇൻറര്‍ലോക്ക് കട്ടകളുപയോഗിച്ചാണ് നഗരസഭ ഇപ്പോള്‍ പുനര്‍നിർമാണം നടത്തുന്നത്. ചെലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം ചെയ്യുമെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഇത്തരത്തില്‍ ഇൻറര്‍ലോക്ക് പാകിയ റോഡുകൾക്ക് മഴയിൽ നാശമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.