ആ താളം അഷ്​ടമുടിയുടെ ചിരിയായിരുന്നു...

മുമ്പ് അഷ്മുടിക്കായൽ ഒാളംതല്ലുന്നത് തൊണ്ടുതല്ലലി​െൻറയും റാട്ടുകളുെടയും ശബ്ദത്തിനനുസരിച്ചായിരുന്നു. പാറക്കല്ലില്‍ കൈവടികൊണ്ട് തൊണ്ടുതല്ലുന്ന താളം അഷ്ടമുടിതീരത്തെ ശബ്ദമുഖരിതമാക്കിയിരുന്നു. അതെല്ലാം കാലത്തി​െൻറ കൈയേറ്റത്തിൽ പോയ്മറഞ്ഞു. ഒന്നിനുപിറകെ ഒന്നായി നശിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴില്‍മേഖലയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. മലയാളത്തി​െൻറ സുവര്‍ണ നാരിന് മുകളില്‍ തൊണ്ട് അഴുക്കലും തല്ലലും ഓർമയായപ്പോള്‍ കണ്ണീർകയത്തിലായത് ഒരുകൂട്ടം തൊഴിലാളികളുമാണ്. ഒരുവീട്ടില്‍ ഒരാളെങ്കിലും കയര്‍മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളവരായിരുന്നു. ഓണത്തിന് കൈ നിറയെ ബോണസ് വാങ്ങി മടങ്ങുമ്പോള്‍ ആഘോഷം പൊടിപൂരമാകുമായിരുന്നു. ഇന്ന്, കയര്‍പിരി കേന്ദ്രങ്ങളാകട്ടെ മിക്കയിടത്തും പൂട്ടി. തൊണ്ടും പോളയും ചകിരിയും നിരന്ന കായല്‍ക്കരയില്‍ റിസോര്‍ട്ടുകളും മറ്റ് തൊഴില്‍സ്ഥാപനങ്ങളും ഉയര്‍ന്നു. നേരം പുലരുമ്പോള്‍തന്നെ കായല്‍വാരങ്ങളില്‍ എത്തിയിരുന്നവർ മറ്റ് തൊഴില്‍ തേടി പോയി. അവശേഷിക്കുന്നവെര പ്രായം അവശരാക്കി. കുലത്തൊഴില്‍ കളയാന്‍ മനസ്സില്ലാത്തതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം കിട്ടുന്ന ജോലി ചെയ്യുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. കയര്‍ വ്യവസായം കൊണ്ട് ഉപജീവനം കഴിച്ചുകൂട്ടുന്ന ആയിരങ്ങളാണ് ജില്ലയിലുള്ളത്. അഞ്ചാലുംമൂട്, തൃക്കടവൂര്‍, കുരീപ്പുഴ, തൃക്കരുവ, നീരാവില്‍, അഷ്ടമുടി, പെരുമണ്‍, പെരിനാട്, പനയം, ചെമ്മക്കാട്, പാമ്പാലില്‍, കണ്ടച്ചിറ, കരിക്കോട്, ചാത്തിനാംകുളം, പരവൂര്‍, ചവറ, തേവലക്കര, പന്മന തുടങ്ങിയ ഭാഗങ്ങളിലാണ് കയര്‍പിരി സ്ഥാപനങ്ങളും തൊഴിലാളികളും അവശേഷിക്കുന്നത്. കയര്‍മേഖലയെ മാത്രം ആശ്രയിച്ചുവന്ന തൊഴിലാളികളുടെ വീടുകളില്‍ ഇന്ന് ഏറിയ പങ്കും പട്ടിണിയിലാണ്. തൊണ്ടുതല്ലല്‍ കേന്ദ്രങ്ങളും കയര്‍പിരി കേന്ദ്രങ്ങളും മിക്കതും ഇന്നില്ല. അവശേഷിക്കുന്നതാകെട്ട, വിവിധ പരിപാടികളുടെ ഭാഗമായുള്ള സന്ദര്‍ശക കേന്ദ്രങ്ങളായി മാറി. കയര്‍വ്യവസായത്തി​െൻറ നട്ടെല്ലായ ചകിരിക്കും തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരുന്നു. തുച്ഛമായ കൂലി ലഭിക്കുന്ന ഈ മേഖലയില്‍ ഇപ്പോള്‍ നിത്യവും പണി ലഭിക്കാറില്ല. മിക്കവാറും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ജോലി ലഭിക്കുന്നത്. കയര്‍മേഖലയെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുപോകാനാകാത്തതിനാല്‍ ഭൂരിഭാഗം തൊഴിലാളികളും കശുവണ്ടിഫാക്ടറികളിലും ഇഷ്ടിക-സാമില്‍ ഫാക്ടറികളിലും തൊഴിലുറപ്പിലും ജോലി തേടി പോയി. വാഗ്ദാനങ്ങൾ ഉണ്ടാകുമ്പോഴും കയര്‍മേഖല തകര്‍ച്ചയിലാണെന്ന് എല്ലാവരും സമ്മതിക്കുന്നു. പല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴും പൂർണതോതിൽ വിജയത്തിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.