സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേ; ശുചിത്വ ജില്ലയാകാനുറച്ച്​ കൊല്ലം

(ചിത്രം) കൊല്ലം: കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം രാജ്യത്തെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള സംസ്ഥാനങ്ങളെയും ജില്ലകളെയും തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ -2018 സർവേയില്‍ മികച്ചനേട്ടം കൈവരിക്കാന്‍ കൊല്ലം ജില്ല ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വഘടകങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര ഏജന്‍സിയുടെ സഹായത്തോടെ ഈമാസം 31 വരെയാണ് സര്‍വേ നടത്തുന്നത്. ഇതിനുമുന്നോടിയായി വിവിധവകുപ്പുകളുടെ ജില്ല മേധാവികള്‍ക്കും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ശുചിത്വ മിഷ​െൻറ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ശുചിത്വം ഉറപ്പാക്കാനും മാലിന്യ സംസ്‌കരണത്തിനുമായി സുസ്ഥിര സംവിധാനങ്ങളൊരുക്കുന്നതിന് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവര ശേഖരണ സംഘത്തെ ബോധ്യപ്പെടുത്താനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശ്രമിക്കണമെന്ന് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. വിലയിരുത്തല്‍ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിനും സമയബന്ധിതമായ കര്‍മപരിപാടി ഉണ്ടാകണം. സര്‍വേയില്‍ മികച്ച അഭിപ്രായം നേടാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സാധിച്ചാല്‍ അത് ജില്ലക്കും ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിലെ ശുചിത്വം, വൃത്തിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് സര്‍വേയുടെ മാനദണ്ഡങ്ങള്‍. മികവി​െൻറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും ഒക്‌ടോബര്‍ രണ്ടിന് പുരസ്‌കാരങ്ങള്‍ നല്‍കും. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍വേസംഘം സന്ദര്‍ശനം നടത്തും. ശൗചാലയങ്ങളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ പരിശോധനാവിധേയമാകും. പൊതുയോഗങ്ങള്‍, വ്യക്തിഗത അഭിമുഖങ്ങള്‍ എന്നിവയിലൂടെയും ഓണ്‍ലൈന്‍ അഭിമുഖങ്ങളിലൂടെയും പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ ശേഖരിക്കും. പൊതുസ്ഥലങ്ങള്‍, ശൗചാലയങ്ങള്‍, റോഡുകള്‍, സ്‌കൂളുകള്‍, സ്വകാര്യ ശൗചാലയങ്ങള്‍ എന്നിവ ശുചിയായി സൂക്ഷിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. മാലിന്യം വലിച്ചെറിയാതെ കൃത്യമായി സംസ്‌കരിക്കുന്നു എന്ന് ഉറപ്പാക്കണം. പൊതുജനങ്ങള്‍ക്ക് സ്വന്തം നാടി​െൻറ ശുചിത്വവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി അറിയിക്കാനും സൗകര്യമുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തും അഭിപ്രായങ്ങള്‍ അറിയിക്കാം. ചടങ്ങില്‍ സ്വച്ഛ് സർവേക്ഷണ്‍ സര്‍വേയുടെ ലോഗോ കലക്ടര്‍ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ഷൈല സലീം ലാല്‍ ലോഗോ ഏറ്റുവാങ്ങി, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജി. സുധാകരന്‍ സർവേയെക്കുറിച്ച് വിശദമാക്കി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി പിള്ള, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. ബിജു, ജില്ല പ്ലാനിങ് ഓഫിസര്‍ പി. ഷാജി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. മനുഭായി, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വ മിഷന്‍ അസിസ്റ്റൻറ് കോഒാഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.