കൊല്ലം: കേരള പബ്ലിക് സർവിസ് കമീഷൻ കൊല്ലം മേഖല, ജില്ല ഓഫിസുകൾ പേപ്പർ രഹിതം. ഫയൽ പിടിച്ചുവെക്കുന്നവരെ തിരിച്ചറിയാൻ ഇനിമുതൽ എളുപ്പത്തിൽ കഴിയുമെന്ന് ഇ-ഓഫിസ് വത്കരണം ഉദ്ഘാടനം ചെയ്ത ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. കൂടുതൽദിവസം ഫയൽ പിടിച്ചുവെച്ചാൽ അന്വേഷണം നടത്തും. ഫയൽ ലഭിച്ചുകഴിഞ്ഞാൽ വേഗത്തിൽ തീർപ്പ് കൽപിക്കണം. ഒരു മാസത്തിനുള്ളിൽ ജീവനക്കാരെല്ലാം പുതിയ സംവിധാനം ഉപയോഗിക്കാൻ പ്രാപ്‌തരാകണം. കേരളത്തിലെ എല്ലാ പി.എസ്.സി ജീവനക്കാരും ഇ-ജീവനക്കാരായി മാറുകയാണ്. സമൂഹത്തിന് വേണ്ടിയാണ് പുതിയപദ്ധതി. എതിർക്കാതെ എല്ലാ ജീവനക്കാരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി അംഗം ഡോ.എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. പി.എസ്.സി അംഗം ടി.ആർ. അനിൽകുമാർ, സെക്രട്ടറി സാജു ജോർജ്, അഡീഷനൽ സെക്രട്ടറി ആർ. രാമകൃഷ്ണൻ, ജോയൻറ് സെക്രട്ടറിമാരായ എ. രവീന്ദ്രൻ നായർ, എസ്. ഡോളി, എൻ.ഐ.സി ജില്ല ഇൻഫർമാറ്റിക് ഓഫിസർ വി.കെ. സതീഷ്‌കുമാർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആർ. മനോജ്, മേഖല ഓഫിസർ വി. വേണുഗോപാൽ, ജില്ല ഓഫിസർ പി.എൽ. മനോജ് എന്നിവർ സംസാരിച്ചു. പി.എസ്.സി ഓഫിസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കി സുതാര്യത വർധിപ്പിക്കാനും കടലാസ് രഹിതമാക്കാനുമാണ് ഇ-ഓഫിസ് വത്കരണം നടപ്പാക്കിയത്. മാർച്ചിൽ തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനമാണ് ആദ്യമായി ഇ-ഓഫിസാക്കിയത്. വെള്ളിയാഴ്ച മലപ്പുറം ഓഫിസ് കൂടി പേപ്പർ രഹിതമാക്കുന്നതോടെ സംസ്ഥാനത്തെ ഇ-ഓഫിസ് വത്കരണം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.