പാർട്ടി കോൺഗ്രസ്​ കൊടിയിറങ്ങുന്നത്​ കോൺഗ്രസ്​ ബന്ധത്തിൽ വ്യക്തത വരുത്താതെ

കൊല്ലം: ദേശീയതലത്തിൽ കോണ്‍ഗ്രസുമായുണ്ടാക്കേണ്ട ബന്ധത്തില്‍ വ്യക്തത വരുത്താതെ സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങി. ബി.ജെ.പി സര്‍ക്കാറിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുമായി വിശാല പ്ലാറ്റ്ഫോം വേണമെന്നല്ലാതെ, കോണ്‍ഗ്രസുമായി സഹകരണം വേണമോ എന്നതില്‍ പാർട്ടി കോൺഗ്രസ് സമാപിക്കുേമ്പാഴും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസുമായി മാത്രമല്ല, സംഘ്പരിവാർ ശക്തികളെ പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതരശക്തികളുമായി യോജിച്ച പോരാട്ടം സംഘടിപ്പിക്കുമെന്ന് മാത്രം പറഞ്ഞ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറി. കോൺഗ്രസുമായുള്ള ബന്ധത്തെ ഭയക്കുന്നോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ല. സഹകരണം, ധാരണ തുടങ്ങിയ വിധത്തിലുള്ള ബന്ധമായിരിക്കും മറ്റു പാര്‍ട്ടികളുമായി സ്ഥാപിക്കുക. സഖ്യവും സഹകരണവും രണ്ടും രണ്ടാണ്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതേതര ജനാധിപത്യശക്തികളുമായി ധാരണയുണ്ടാക്കുമെന്നും സുധാകർ റെഡ്ഡി പറഞ്ഞു. പാർട്ടി കോൺഗ്രസ് ആരംഭിക്കുേമ്പാൾ തന്നെ കോൺഗ്രസ് ബന്ധം സംബന്ധിച്ച് എന്ത് തീരുമാനമാകും സി.പി.െഎ കൈക്കൊള്ളുക എന്നായിരുന്നു വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉറ്റുനോക്കിയിരുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് മതേതര ജനാധിപത്യ ശക്തികളുമായി വിശാലമായ പ്ലാറ്റ്ഫോം രൂപവത്കരിക്കാമെന്നായിരുന്നു കരട് രാഷ്ട്രീയ പ്രമേയം. ഇതില്‍ കോണ്‍ഗ്രസി​െൻറ പേര് എടുത്തു പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തത വേണമെന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളുടെ ആവശ്യം. ഇതു മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസി​െൻറ പേര് പരാമര്‍ശിക്കണമെന്നാവശ്യപ്പെട്ട് ഭേദഗതി കൊണ്ടുവന്നെങ്കിലും പാർട്ടി കോൺഗ്രസ് അത് തള്ളുകയായിരുന്നു. കോണ്‍ഗ്രസി​െൻറ പേരെടുത്ത് പരാമര്‍ശിച്ചാല്‍ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പാര്‍ട്ടിക്ക് ചിലപ്പോള്‍ തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് ഭേദഗതി തള്ളിയത്. അതോടെ കോൺഗ്രസ് ബന്ധം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സി.പി.എമ്മിലെ പോലെ തന്നെ സി.പി.ഐയിലും അവ്യക്തത തുടരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം തുടരവെ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് വ്യക്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.