മാനേജ്​മെൻറുകൾ നിലപാട്​ കടുപ്പിക്കുന്നു; നഴ്​സുമാരുടെ ശമ്പള പരിഷ്​കരണം വീണ്ടും കുഴഞ്ഞുമറിയും

തിരുവനന്തപുരം: സർക്കാർ ഉത്തരവ് അംഗീകരിക്കില്ലെന്ന് ആശുപത്രി ഉടമകൾ നിലപാട് വ്യക്തമാക്കിയതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണം വീണ്ടും കുഴഞ്ഞുമറിയും. ഇത്രയും വലിയ വർധന മാനേജുമ​െൻറുകൾക്ക് താങ്ങാനാവില്ലെന്നും ഇത് ആശുപത്രികളെ അടച്ചുപൂട്ടലിലേക്കാവും നയിക്കുകയെന്നും ആശുപത്രി ഉടമകൾ ഇതിനകം വ്യക്തമാക്കി. അതിനാൽ ഇൗ ഉത്തരവിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ, ദീർഘനാളത്തെ പോരാട്ടങ്ങൾക്കൊടുവിൽ നേടിയ ശമ്പള പരിഷ്കരണത്തെ ചിലർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് വീണ്ടും ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷനും (യു.എൻ.എ) മുന്നറിയിപ്പ് നൽകി. 80 ശതമാനത്തോളം ആശുപത്രികളും സർക്കാർ ഉത്തരവ് പാലിക്കുമെന്നാണ് കരുതുന്നത്. വരാൻ ശമ്പള ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും യു.എൻ.എ ചൂണ്ടിക്കാട്ടി. അതേസമയം, ഇപ്പോൾ ഉണ്ടായിരിക്കുന്ന ശമ്പളപരിഷ്കരണത്തിലെ നേട്ടം വൻകിട ആശുപത്രികൾക്കെന്ന ആേക്ഷപവും ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശിപാർശകൾ തള്ളിയാണ് മിനിമം വേതന ഉപദേശക സമിതി ശിപാർശ സർക്കാർ സ്വീകരിച്ചത്. സി.ഐ.ടി.യുവിന് നിർണായക സ്വാധീനമുള്ള സമിതി, നഴ്സുമാരെക്കാൾ മുൻതൂക്കം നൽകിയത് ആശുപത്രി ജീവനക്കാർക്കായിരുന്നു. സുപ്രീംകോടതിയുടെ നിർദേശം പാലിക്കണമെന്ന നഴ്സുമാരുടെ ആവശ്യത്തെ അവർ നിരാകരിച്ചു. നഴ്സുമാർക്ക് മികച്ച ശമ്പളം നൽകിയാൽ തത്തുല്യമായ ശമ്പളം ജീവനക്കാർക്കും വേണമെന്ന് മിനിമം വേതന ഉപദേശക സമിതിയിലെ സി.ഐ.ടി.യു അംഗങ്ങൾ‍ നിലപാടിലുറച്ചു. സർക്കാറാകട്ടെ ഈ നിർദേശത്തെ ലംഘിക്കാൻ തയാറായതുമില്ല. സുപ്രീംകോടതി നിർദേശപ്രകാരം 50 കിടക്കകളുള്ള ആശുപത്രിയിലെ നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നൽകുമെന്നാണ് കഴിഞ്ഞ ജൂലൈ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. 50ൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ തൊഴിൽ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചാണ് അന്ന് സമരം പിൻവലിപ്പിച്ചത്. ഇപ്പോൾ 100 കിടക്കകൾവരെയുള്ളവർക്കാണ് 20,000 രൂപ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 101 മുതൽ 300 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 22,000 രൂപയാണ് ശമ്പളം. ഈ ശ്രേണിയിലുള്ള ആശുപത്രികൾക്കാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. 2016 നവംബറിൽ സുപ്രീംകോടതി സമിതി നിശ്ചയിച്ചത് 50 മുതൽ 100 വരെ കിടക്കകൾക്ക് 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ-25,500 രൂപ, 200ന് മുകളിൽ കിടക്കകൾ- 27,800 രൂപ. ടോം ജോസി​െൻറ നേതൃത്വത്തിലെ സമിതി അലവൻസുകൂടി ചേർത്ത് നിർദേശം സമർപ്പിച്ചു. ടോം ജോസി​െൻറ നേതൃത്വത്തിലെ സമിതി നിർദേശിച്ചതാകെട്ട 50 കിടക്കവരെ: 20,000 രൂപ, 51 മുതൽ 100 കിടക്കവരെ: 24,400 രൂപ, 101 മുതൽ 200 കിടക്കവരെ: 29,400 രൂപ, 201 മുതൽ മുകളിലേക്കുള്ള കിടക്കക്ക് മുകളിൽ: 32,400 രൂപ. മിനിമം വേതന സമിതിയുടെ കരട് വിജ്ഞാപനത്തിൽ ഇത് ഉണ്ടായിരുെന്നങ്കിലും ഉപദേശക സമിതിയിൽ എത്തിയപ്പോൾ അട്ടിമറിക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.