വിഴിഞ്ഞം കരാർ: ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികൾ ഹാജരാകണമെന്ന് കമീഷൻ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള ടെൻഡറിൽ പങ്കെടുത്ത മറ്റു നാല് കമ്പനികൾക്കു കൂടി നോട്ടീസ് അയയ്ക്കാൻ അന്വേഷണ കമീഷൻ ഉത്തരവിട്ടു. ഇവർ പത്ത് ദിവസത്തിനുള്ളിൽ കമീഷന് മുന്നിൽ ഹാജരാകണം. അദാനി ഗ്രൂപ്പിനുവേണ്ടി എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കമ്പനികളുടെ അഭിപ്രായം തേടുന്നതെന്നും തിങ്കളാഴ്ചത്തെ സിറ്റിങ്ങിനിടെ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. അഞ്ച് കമ്പനികളാണ് ടെൻഡറി​െൻറ ആദ്യഘട്ടത്തിൽ പങ്കെടുത്തത്. എന്നാൽ, വ്യവസ്ഥകൾ ലഘൂകരിച്ചശേഷം അദാനി ഗ്രൂപ് മാത്രമാണ് തുടർന്നത്. ഈ സാഹചര്യത്തിൽ മറ്റു കമ്പനികൾ പദ്ധതിയിൽനിന്നൊഴിവാകാൻ എന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന കമീഷൻ അഭിഭാഷക​െൻറ വാദം പരിഗണിച്ചാണ് തീരുമാനം. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി പോർട്സ് ആൻഡ് എസി.ഇ.ഇസഡ് ലിമിറ്റഡ്, കോൺകാസ്റ്റ്-ഹ്യൂണ്ടായ് കൺസോർട്യം, എസാർ പോർട്സ് ലിമിറ്റഡ്, ഗാമോൺ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് ലിമിറ്റഡ്, എസ്.ആർ.ഇ.ഐ ഒ.എച്ച്.എൽ കൺസോർട്യം എന്നീ കമ്പനികളാണ് യോഗ്യതപത്രം നൽകി. ഇവരിൽ അദാനി, എസാർ, എസ്.ആർ.ഇ.ഐ ഒ.എച്ച്.എൽ കൺസോർട്യം എന്നിവർ യോഗ്യത നേടി. എന്നാൽ, അദാനി ഗ്രൂപ് മാത്രമാണ് ടെൻഡറുമായി മുന്നോട്ടുപോയതെന്ന് വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വി.ഐ.എസ്.എൽ) പ്രതിനിധി അറിയിച്ചു. പദ്ധതി നിക്ഷേപത്തിൽ ഭൂരിഭാഗം സർക്കാറാണ് വഹിക്കുന്നതെന്ന കാര്യം ആദ്യ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നോ എന്നും കമീഷൻ ആരാഞ്ഞു. പണയാധാര വ്യവസ്ഥ ഉൾപ്പെടെ ആദ്യ ടെൻഡറിൽ ഉണ്ടായിരുന്നുവെന്നും അദാനിക്കുവേണ്ടി മാറ്റമൊന്നും വരുത്തിയില്ലെന്നുമായിരുന്നു മറുപടി. സാമ്പത്തിക സഹായം, ബ്രേക്ക് വാട്ടറി​െൻറ ചെലവ് എന്നിവക്കൊപ്പം കമ്പനിക്ക് വായ്‌പയെടുക്കാൻ ഭൂമിയും സർക്കാർ വിട്ടുകൊടുത്തു. പണയകരാറിലെ നിബന്ധന സംബന്ധിച്ച് തർക്കമുണ്ടായാൽ അത് ആർബിട്രേറ്റർക്ക് വിടും. അങ്ങനെയായാൽ കമ്പനി എത്രതുക മുടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ടെൻഡർ, കരാർ നടപടികൾ നടന്ന ക്രമത്തിൽ ഹാജരാക്കണമെന്ന് സർക്കാർ അഭിഭാഷകനോടും കമീഷൻ നിർദേശിച്ചു. ആസൂത്രണ കമീഷൻ മാർഗരേഖ അനുസരിച്ചാണ് കരടുപദ്ധതി തയാറാക്കിയത്. ഊർജ പദ്ധതിക്കായുള്ള മാർഗരേഖ തുറമുഖ പദ്ധതിയിലും പിന്തുടർന്നുവെന്ന മറുപടി സാമാന്യയുക്‌തിക്ക് നിരക്കുന്നതല്ലെന്നും കമീഷൻ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.