തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് ഓഫ് സെയിൽ) മുഖേനയുള്ള റേഷൻ വിതരണം കുത്തഴിയുന്നു. ഇ-പോസ് മെഷീനിലേക്കുള്ള സെർവർ പണിമുടക്കിയതാണ് സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഏപ്രിൽ മാസത്തെ ഭക്ഷ്യധാന്യ വിതരണം താളംതെറ്റാൻ കാരണം. കേന്ദ്ര ഭക്ഷ്യഭദ്രതാനിയമപ്രകാരം ഇ-പോസ് വഴിയുള്ള റേഷൻ വിതരണത്തിന് സ്വന്തമായി സെർവർ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാൽ, ഐ.ടി മിഷെൻറ സെർവർ കടമെടുത്താണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇ-പോസ് വഴി റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നത്. 14,288 റേഷൻകടകളിലാണ് ഇതുവരെ ഇ-പോസ് സ്ഥാപിച്ചിട്ടുള്ളത്. ഐ.ടി മിഷെൻറ സെർവറിന് ഇത്രയും ലോഡ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് ഭൂരിഭാഗം ജില്ലകളിലും റേഷൻ വിതരണം പാളിയത്. പ്രതിസന്ധി പരിഹരിക്കുന്നതിന് ഉടൻ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതിയ സെർവർ വാങ്ങുന്നതിന് അഞ്ചരക്കോടി അനുവദിച്ചിട്ടുണ്ടെങ്കിലും സെർവർ ഇ-പോസുമായി ബന്ധിപ്പിക്കുന്നതിനും അതുവഴി റേഷൻ വിതരണം നടത്തുന്നതിനും രണ്ടുമാസത്തെ കാലതാമസം വരും. അതുവരെ നിലവിലെ പ്രതിസന്ധി തുടരുമെന്നാണ് അധികൃതർ പറയുന്നത്. താൽക്കാലിക പരിഹാരമായി ഐ.ടി മിഷെൻറ സെർവറിൽ 'ലോഡ് ബാലൻസർ' ഉൾപ്പെടുത്തി കണക്ഷെൻറ തിരക്ക് നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സെർവറിെൻറ പ്രവർത്തനം മന്ദഗതിയിലായതോടെ റേഷൻ വ്യാപാരികൾക്കുള്ള ഇ-പോസ് പരിശീലനവും പാതിവഴിയിലാണ്. ഏപ്രിൽ 16നുള്ളിൽ സംസ്ഥാനത്തെ 14,419 റേഷൻ കടളിലും മെഷീൻ സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഇപ്പോഴും തിരുവനന്തപുരം, പത്തനംതിട്ട, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിൽ മെഷീനിെൻറ പ്രവർത്തനം സംബന്ധിച്ച് വ്യാപാരികൾക്കുള്ള പരിശീലനം പോലും പൂർത്തിയായിട്ടില്ല. ഇതോടെ പല കടകളിലും മെഷീൻ പെട്ടി പൊട്ടിക്കാതെ ഇരിക്കുകയാണ്. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 10വരെ റേഷൻ കടകൾ അടച്ചിട്ടതും റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തെ ലോഡിെൻറ 30ശതമാനം മാത്രമേ ഇതുവരെ റേഷൻ കടകളിലെത്തിയിട്ടുള്ളൂ. സാധനങ്ങൾ തൂക്കിയെടുക്കുന്നതിന് ഗോഡൗണിലുണ്ടാകുന്നതാമസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനെത്തുടർന്ന് ഏപ്രിൽ മാസത്തെ റേഷൻ വിതരണം അടുത്തമാസം ആദ്യവാരം വരെ നീട്ടാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.