സോഷ്യൽ മീഡിയയിലെ ഹർത്താർ ആഹ്വാനം: ജില്ലയിൽ വിവിധയിടങ്ങളിൽ കടകൾ അടപ്പിച്ചു

കൊല്ലം: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങളും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ അക്രമവും നടന്നു. കൊല്ലം താലൂക്ക് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന കണ്ണാശുപത്രിക്ക് നേരെ കല്ലേറും ചിന്നക്കട വടയാറ്റുകോട്ട റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണ ശ്രമവും നടന്നു. തട്ടാമലയിൽ ഉച്ചക്ക് മുഖംമൂടി സംഘം സ്വകാര്യ ബസുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിട്ടു. പൊലീസ് ഇടപെട്ട് ഇവരെ പിന്നീട് പിന്തിരിപ്പിക്കുകയായിരുന്നു. ഉച്ചയോടെ ഹർത്താൽ അനുകൂലികൾ പിൻവലിഞ്ഞെങ്കിലും ചുരുക്കം ചില കടകൾ മാത്രമാണ് തുറന്നത്. വൈകീട്ട് നാലോടെ പോളയത്തോടിൽ സ്വകാര്യ ബസിന് നേരെ കല്ലേറുണ്ടായി. വ്യാപാരികൾക്കാണ് മുന്നറിയിപ്പില്ലാത്ത ഹർത്താൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഹോട്ടലുകൾക്ക് മാത്രം തിങ്കളാഴ്ച ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഹർത്താൽ വാർത്ത പ്രചരിച്ചിരുന്നെങ്കിലും ആരും അത്ര കാര്യമാക്കിയിരുന്നില്ല. പതിവുപോലെ തിങ്കളാഴ്ച കടകൾ തുറക്കുകയും വാഹനങ്ങൾ ഒാടുകയും ചെയ്തു. എന്നാൽ, രാവിലെ പത്തോടെ സംഘടിച്ചെത്തിയ സോഷ്യൽ മീഡിയ കൂട്ടായ്മ അംഗങ്ങൾ കടകൾ അടപ്പിക്കുകയായിരുന്നു. പെട്രോൾ പമ്പുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. അതേസമയം, ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചുനിർത്തിയാൽ ബസ് ഉൾപ്പെടെ വാഹന ഗതാഗതം സുഗമമായി നടന്നു. റെയിവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ആശുപത്രി എന്നിവിടങ്ങളിലെ കാൻറീനുകൾ പ്രവർത്തിച്ചതാണ് ആളുകൾക്ക് അൽപമെങ്കിലും ആശ്വാസമായത്. ഭൂരിഭാഗം സ്ഥലങ്ങളിലും കടകൾ അടപ്പിക്കൽ നടന്നപ്പോൾ ചിലയിടങ്ങളിൽ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. അതേസമയം, സർക്കാർ ഒാഫിസുകൾ പതിവുപോലെ പ്രവർത്തിച്ചു. രാവിലെ പത്തോടെ പ്രധാന നഗരങ്ങളിൽ സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടിയുള്ള പ്രകടനം നടത്തി. കൂടാതെ, വിവിധ രാഷ്ട്രീയ മത സംഘടനകളുടെ നേതൃത്വത്തിലും പ്രധാന നഗരങ്ങളിൽ പ്രതിഷേധ റാലി നടത്തി. പലയിടങ്ങളിലും അക്രമസംഭവങ്ങൾ നേരിൽ കണ്ടിട്ടും പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പൊലീസ് കേസെടുത്തിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.